'നിങ്ങൾക്ക് തിരക്കില്ലെങ്കിൽ ഞങ്ങൾക്കും തിരക്കില്ല'; ദുരിതാശ്വാസ നിധി കേസ് ജൂൺ അഞ്ചിലേക്ക് മാറ്റി ലോകായുക്ത

'നിങ്ങൾക്ക് തിരക്കില്ലെങ്കിൽ ഞങ്ങൾക്കും തിരക്കില്ല'; ദുരിതാശ്വാസ നിധി കേസ് ജൂൺ അഞ്ചിലേക്ക് മാറ്റി ലോകായുക്ത

കേസ് ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരായ പുനഃപരിശോധന ഹര്‍ജി ഉച്ചയ്ക്കു മുൻപ് ലോകായുക്ത തള്ളിയിരുന്നു
Updated on
1 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വക മാറ്റിയ കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ജൂൺ അഞ്ചിന് പരിഗണിക്കും. കേസ് ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരായ പുനഃപരിശോധന ഹര്‍ജി ലോകായുക്ത ഉച്ചയ്ക്കു മുൻപ് തള്ളിയിരുന്നു.

ഹൈക്കോടതിയെ സമീപിക്കുകയാണെന്നും സമയം വേണമെന്നും ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ചപ്പോൾ പരാതിക്കാരൻ അറിയിച്ചു. ഇന്നത്തെ ഉത്തരവും ചോദ്യം ചെയ്യണമെന്നും പരാതിക്കാരൻ നിലപാടെടുത്തു. സമയമുണ്ടായിരുന്നല്ലോയെന്നു ചോദിച്ച ലോകായുക്ത, രണ്ടു ദിവസം കൊണ്ട് വാദം തീർക്കാമെന്നാണ് കരുതിയെന്നു വ്യക്തമാക്കി. നിങ്ങൾക്കു തിരക്കില്ലെങ്കിൽ ഞങ്ങൾക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു.

കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്നും പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്നും റിവ്യു ഹര്‍ജി നിലനില്‍ക്കില്ലെന്നും ഉച്ചയ്ക്കു മുൻപ് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ഹരജിക്കാരനായ ആർഎസ് ശശികുമാർ സമർപ്പിച്ച റിവ്യൂ പെറ്റീഷനാണ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്.

പരാതിക്കാരന്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ലോകായുക്ത

കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് മൂന്ന് ജഡ്ജിമാര്‍ക്ക് വിശദമായി പരിശോധിക്കാനാണ്. നേരത്തെ കേസ് കേട്ട രണ്ട് പേര്‍ വിശാല ബെഞ്ചിലുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനം ലോകായുക്ത പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിയ ഉപലോകായുക്ത അന്വേഷണവുമായി പരാതിക്കാരന്‍ സഹകരിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

മനഃപൂര്‍വമല്ല കേസ് ഒരു വര്‍ഷത്തിലധികം വൈകിച്ചത്. ഇത് ചരിത്ര വിധിയൊന്നും അല്ല. സുപ്രീംകോടതിയിലും ഒരുപാട് വിധികള്‍ ഒരു വര്‍ഷത്തിന് ശേഷം വന്നിട്ടുണ്ട്. റഫറന്‍സുകള്‍ ഈ രീതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതൊരു ചരിത്ര റിവ്യൂ ഹര്‍ജിയാണെന്നും ലോകായുക്ത പറഞ്ഞു.

'ആരെയെങ്കിലും പേടിച്ച് ഓർഡർ എഴുതാതിരിക്കുന്ന ആളുകളല്ല ഞങ്ങൾ. നിങ്ങൾ എന്ത് പറഞ്ഞാലും കേസിനെ അത് ബാധിക്കില്ല. ആരോടും പ്രത്യേക സ്നേഹമോ ഭയമോ ഇല്ല' ലോകായുക്ത കൂട്ടിച്ചേർത്തു. അതേസമയം, ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ജോര്‍ജ് പൂന്തോട്ടം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in