ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരാണ് ഫുള്‍ ബെഞ്ചിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ ഹർജിയില്‍ പുതിയ ബെഞ്ചിന് മുന്നില്‍ വിശദമായ വാദം നടക്കും. ഇതോടെ അന്തിമ വിധിക്ക് വീണ്ടും കാലതാമസം വരാനാണ് സാധ്യത.
ലോകായുക്ത മുൻപ് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തക്കും ഉപലോകായുക്തക്കും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടത്.
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ പണം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ഈടാക്കണമെന്നാണ് കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതി. എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതും ചെങ്ങന്നൂര്‍ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാൻ 8.5 ലക്ഷം രൂപ അനുവദിച്ചതും അധികാര ദുര്‍വിനിയോഗമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലക്യഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, ലോകായുക്ത വിധിക്കെതിരെ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഇന്ന് ജസ്റ്റിസ് സിറിയക് ജോസഫും, ഹാറൂണ്‍ അല്‍ റഷീദും വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച ലോകായുക്ത ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ലോകായുക്തയും, ഉപലോകായുക്തയും പങ്കെടുത്തത് ചൂണ്ടിക്കാട്ടി ആര്‍എസ് ശശികുമാര്‍ ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിമര്‍ശനം.