പിപിഇ കിറ്റ് അഴിമതി: കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയിൽ ഹർജി സമർപ്പിച്ചത്.
കോവിഡ് വ്യാപന സമയത്ത് 550 രൂപയ്ക്ക് പിപിഇ കിറ്റുകള്‍ ലഭ്യമാകുമെന്നിരിക്കെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ ആരോഗ്യവകുപ്പ് സംഭരിച്ചുവെന്നാണ് ആരോപണം. മഹിളാ അപ്പാരൽസ്, ക്യാരി വൺ എന്നീ സ്ഥാപനങ്ങളിൽ നിന്നായിരുന്നു നിപാ സമയത്ത് കേരളാ സർക്കാർ പിപിഇ കിറ്റുകൾ വാങ്ങിയിരുന്നത്. ഈ സ്ഥാപനങ്ങൾ 550 രൂപയ്ക്കാണ് കിറ്റ് നൽകിയിരുന്നത്. എന്നാൽ അവരിൽ നിന്ന് വാങ്ങാതെ മഹാരാഷ്ട്രയിൽ നിന്നുള്ള 'സാൻ ഫാർമ' എന്ന സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്