സിപിഎം-15, സിപിഐ- 4, കേരള കോണ്‍ഗ്രസ്- 1, സീറ്റ് വിഭജനം പൂർത്തിയാക്കി എല്‍ഡിഎഫ്
ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി എല്‍ഡിഎഫ്. മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിപിഎം 15 സീറ്റില്‍ മത്സരിക്കും സിപിഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സീറ്റ് ധാരണയായത്. കേരള കോണ്‍ഗ്രസ് എം രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. ആര്‍ജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടികള്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുക്കുകയായിരുന്നു. മറ്റു പാര്‍ട്ടികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന് വലിയ വിജയ സാധ്യതയുണ്ടെന്ന് മുന്നണി യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത് 16 സീറ്റിലാണ്. നാല് സീറ്റില്‍ സിപിഐ. അതിനുശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയോടൊപ്പം വന്നത്. ഇത്തവണ സിപിഎം 14 സീറ്റിലും സിപിഐ 4 സീറ്റിലും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കാനുമുള്ള തീരുമാനമാണ് ഐക്യകണ്‌ഠേന തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകും. കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ തന്നെ പാര്‍ട്ടികള്‍ മത്സരിക്കും'', ഇപി ജയരാജന്‍ പറഞ്ഞു.
''ഇടതുപക്ഷത്തിന് നല്ല വിജയസാധ്യതയുണ്ട്. നിങ്ങള്‍ കാത്തിരിക്കൂ, ഇന്ത്യന്‍ രഷ്ട്രീയത്തില്‍ കേരളം ഒരു സ്റ്റാര്‍ ആയിരിക്കും. ഇടത് മുന്നണി വന്‍ വിജയം നേടും. ആ വിജയം എല്ലാവര്‍ക്കും ചേര്‍ന്ന് കൊയ്‌തെടുക്കാം'', അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും മതേതരത്വവും തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കും. സീറ്റ് നോക്കി നടക്കുന്നവര്‍ക്ക് വേണ്ടിയുള്ള മുന്നണിയല്ല ഇടത് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ്, അസംബ്ലി, മേഖല ബൂത്തു കമ്മിറ്റികള്‍ ഉടന്‍ ചേരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ നടത്തും. തിരഞ്ഞെടുപ്പ് കമ്മിറ്റികളും രൂപീകരിക്കും. ഇടതുപക്ഷത്തിന്റെ സ്വാധീനനക്കുറവാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ വിപത്തുകള്‍ക്ക് അടിസ്ഥാനം. മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും സംരക്ഷിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം, അദ്ദേഹം പറഞ്ഞു.