പീഡന പരാതിയിൽ ഹാജരായില്ല; മല്ലുട്രാവലർ ഷക്കീർ സുബാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മലയാളി വ്‌ളോഗര്‍ മല്ലുട്രാവലർ ഷക്കീർ സുബാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സൗദി യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നടപടി. വിമാനത്താവളത്തിൽ പോലീസ് സർക്കുലർ നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും ഷക്കീർ എത്താതിരുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ ഷക്കീർ വിദേശത്താണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മുൻകൂർ ജാമ്യത്തിനായി മല്ലു ട്രാവലർ ഉടൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സൗദി അറേബ്യന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് കേസ്. അഭിമുഖത്തിനെന്നു പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ചു കടന്നുപിടിച്ചെന്നാണു പരാതി.
യുവതിയുടെ പരാതിയെത്തുടർന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ സൗദി യുവതിയുടേത് വ്യാജ പരാതിയാണെന്ന് പറഞ്ഞ് ഷക്കീര്‍ സുബാന്‍ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയെ തെളിവുകൾ കൊണ്ട് നേരിടുമെന്ന് പറഞ്ഞ് ഷക്കീർ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചാണ് മല്ലുട്രാവലർ ഷക്കീർ സുബാൻ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിൽ എത്തി ഓടിച്ചു നോക്കി അനുഭവങ്ങൾ പങ്കു വച്ചാണ് മല്ലു ട്രാവലർ പ്രശസ്തനായത്.