'മിഷൻ സക്സസ്'; ഒടുവിൽ ആ ലോറികൾ താമരശ്ശേരി ചുരം കയറി

'മിഷൻ സക്സസ്'; ഒടുവിൽ ആ ലോറികൾ താമരശ്ശേരി ചുരം കയറി

കർണാടകയിലേക്ക് പോവുകയായിരുന്ന വാഹനങ്ങൾ പുലർച്ചെ രണ്ടരയോടെയാണ് ലക്കിടിയിലെ പ്രവേശന കവാടം പിന്നിട്ടത്.
Updated on
1 min read

മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട കൂറ്റന്‍ ട്രെയിലറുകള്‍ ഒടുവില്‍ ചുരം കയറി. ഭീമാകാരമായ യന്ത്ര സാമഗ്രികളുമായെത്തിയ ട്രെയിലറുകള്‍ ദിവസങ്ങളായി താമരശ്ശേരി ചുരത്തിന് താഴെ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പ്രത്യേക അനുമതിയോടെ ചുരം കയറാൻ നിർദേശം ലഭിച്ച രണ്ട് ലോറികളും സുരക്ഷിതമായി വയനാട് ചുരം പിന്നിട്ടു. കർണാടകയിലേക്ക് പോവുകയായിരുന്ന വാഹനങ്ങൾ പുലർച്ചെ രണ്ടരയോടെയാണ് ലക്കിടിയിലെ പ്രവേശന കവാടം പിന്നിട്ടത്. കര്‍ണാടകയിലെ നഞ്ചങ്കോടുളള ഫാക്ടറിയിലേക്ക് കൂറ്റന്‍ മെഷീനുകളുമായി പോകുന്ന ട്രക്കുകളാണിവ. 16 അടിയോളം വീതിയും 20 അടി നീളവുമുളള യന്ത്രങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെ ട്രക്കുകള്‍ക്ക് പോകാനായി റോഡ് പൂര്‍ണമായും ഒഴിച്ചിടുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാത്രി 11 ഓടെയാണ് രണ്ട് ലോറികളും ചുരത്തിൽ പ്രവേശിച്ചത്.

അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് ട്രക്കുകളെ ചുരം കയറ്റാനുളള ദൗത്യമേറ്റെടുത്തത്. സ്റ്റാർട്ടിങ് മോട്ടോർ തകരാറുകൾ മൂലം ഒരു ലോറി ഇടയ്ക്ക് നിന്ന് പോയതിനാൽ ചെറിയ ഗതാഗത തടസം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മെക്കാനിക് എത്തി പ്രശ്നം പരിഹരിച്ചു. പിന്നീട് യാത്ര പുനരാരംഭിക്കുകയായിരുന്നു. ഇതോടെ ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂട പ്രതിനിധികൾ, ചുരം സംരക്ഷണ സമിതിക്കാർ, പോലീസ്, മറ്റ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരുടെ നാല് മണിക്കൂറോളം നീണ്ട കഠിന പരിശ്രമമാണ് ഒടുവിൽ വിജയം വരിച്ചത്.

ലോറികൾ ചുരം കയറിയാല്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നുളളതു കൊണ്ടാണ് നേരത്തെ ചുരം കടക്കാനുള്ള അനുമതി നിഷേധിച്ചിരുന്നത്. അനുമതി നല്‍കിയ സാഹചര്യത്തില്‍ മറ്റ് വാഹനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങളും ഉദ്യോഗസ്ഥര്‍ ക്രമീകരിച്ചിരുന്നു. യാത്രയില്‍ സംഭവിച്ചേക്കാവുന്ന എല്ലാ കേടുപാടുകളുടെയും ഉത്തരവാദിത്വം കരാറേറ്റെടുത്ത കമ്പനിക്കാണ് എന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. ഇതിനായി കമ്പനി 10 ലക്ഷം രൂപ കെട്ടി വെച്ചിരുന്നു.

logo
The Fourth
www.thefourthnews.in