എം ശിവശങ്കര്‍
എം ശിവശങ്കര്‍

കോഴപ്പണം ആറ് കോടിയെന്ന സ്വപ്നയുടെ മൊഴി നിര്‍ണായകമായി; ലൈഫ് മിഷന്‍ കേസും ശിവശങ്കറിന്റെ അറസ്റ്റും

ലൈഫ് മിഷന്‍ കരാറില്‍ സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ആശയവിനിമയം ശിവശങ്കര്‍ മുഖേനയായിരുന്നു
Updated on
1 min read

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ നിര്‍ണായകമായത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. യൂണിടാക് ബില്‍ഡേഴ്സ് എംഡി സന്തോഷ് ഈപ്പന്‍, നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി പി എസ് സരിത്ത് എന്നിവരുടെ മൊഴിയും ശിവശങ്കറിന് കുരുക്കായി.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മാണ പദ്ധതിക്കായി യുഎഇ റെഡ് ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാല്‍ കോടി രൂപയില്‍ 3.80 കോടി കോഴയായി നല്‍കിയിട്ടുണ്ടെന്നായിരുന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളപ്പെടുത്തല്‍. ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റി യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിന് നേരിട്ട് നല്‍കി എന്നായിരുന്നു മൊഴി. ഇതിന് പിന്നാലെ ഇ ഡിക്ക് സ്വപ്ന സുരേഷ് മൊഴി നല്‍കി. ആറ് കോടി രൂപയാണ് കോഴപ്പണമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഖാലിദിന് നല്‍കിയ 3.80 കോടി മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് ഇ ഡിക്ക് വ്യക്തമാകുന്നത് ഇതോടെയാണ്. ശിവശങ്കറിന്റെ അക്കൗണ്ടിലും സ്വപ്നയുടേയും ശിവശങ്കറിന്റേയും സംയുക്ത അക്കൗണ്ടിലും കണ്ടെത്തിയ ഒരു കോടി രൂപ കോഴയാണെന്ന നിഗമനത്തിലാണ് ഇ ഡി എത്തിയത്.

2019 ജൂലൈ 11 നാണ് ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ സിഇഒ യു വി ജോസും റെഡ്ക്രസന്റെ സെക്രട്ടറി ജനറലും തമ്മിലായിരുന്നു കരാറില്‍ ഒപ്പിട്ടത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ഇടപാടുകളുടെ ആശയവിനിമയം ശിവശങ്കര്‍ മുഖേനയായിരുന്നു നടന്നിരുന്നത്. യുഎഇ കോണ്‍സല്‍ ജനറലിന്റെ അന്നത്തെ സെക്രട്ടറി സ്വപ്ന സുരേഷ് വഴിയായിരുന്നു ഇത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായര്‍ വഴിയാണ് സന്തോഷ് ഈപ്പന് കരാര്‍ നല്‍കുന്നത്. സ്വപ്നയും സരിത്തുമായുള്ള ബന്ധമാണ് സന്തോഷ് ഈപ്പന് വേണ്ടി സന്ദീപ് നായര്‍ ഉപയോഗപ്പെടുത്തിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പനോട് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് സ്വപ്ന സുരേഷായിരുന്നു. കരാര്‍ വിജയിച്ചതോടെ ഈ ഇടപെടലിന് സ്വപ്നയടക്കമുള്ളവര്‍ കോഴ വാങ്ങി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് കേസ് എന്നിവയില്‍ നേരത്തെ ഇ ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐ കേസിലും ശിവശങ്കര്‍ പ്രതിയാണ്. 98 ദിവസം തടവില്‍ കഴിഞ്ഞതിന് ശേഷം രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ജയില്‍ മോചിതനായയത്. ജനുവരി 31നാണ് ശിവശങ്കര്‍ കായിക - യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്.

ലൈഫ് മിഷന്‍ കേസില്‍ നിലവില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ കേസിലും ശിവശങ്കറിന്റെ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

logo
The Fourth
www.thefourthnews.in