എം ശിവശങ്കർ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും; ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകില്ല
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ഇന്ന് സർവീസിൽ നിന്നും വിരമിക്കും. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്. ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക ജീവിതത്തിന്റെ സുപ്രധാന നാളുകളിൽ നേരിട്ട കേസും നിയമനടപടികളും ജയില്‍വാസവും ഉൾപ്പെടെ കയ്പേറിയ അനുഭവങ്ങൾ ഏറെയുണ്ട് എം ശിവശങ്കറിന്റെ ഐഎഎസ് കരിയറിൽ.
ഓഫീസിൽ സഹപ്രവർത്തകർക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങോടെയാകും സിവിൽ സർവീസ് ജീവിതത്തിന് ശിവശങ്കർ ഫുൾസ്റ്റോപ്പിടുക.
സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍, ഒടുവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിൽ ശിവശങ്കർ ഐഎഎസ് എന്ന പേരും കേരളം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിനെ 2020 ജൂലായ് ഒന്നിന് സർക്കാർ സസ്പെൻഡ് ചെയ്തു. 2020 ഒക്ടോബർ 28നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെ രാഷ്ട്രീയവിവാദങ്ങൾക്ക് ചൂടുപിടിച്ചു. കേസിൽ 98 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്.
സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ശിവശങ്കർ വിരമിക്കുന്നനോട് അനുബന്ധിച്ച് ഐ എഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിക്കൊണ്ട് ഈ മാസം 24 ന് സർക്കാർ ഉത്തരവിട്ടിരുന്നു. പ്രണബ് ജ്യോതിനാഥിനാണ് കായിക- യുവജനക്ഷേമ വകുപ്പുകളുടെ പുതിയ ചുമതല
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞദിവസം ഇ ഡി ശിവശങ്കറിന് നോട്ടീസ് അയച്ചിരുന്നു. വിരമിക്കല്‍ ദിവസമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു നോട്ടീസ്. സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ ഇ ഡിയെ അറിയിച്ചിരുന്നു.