കെ ബാബുവിനെതിരായ എം സ്വരാജിന്റെ ഹർജി: അയ്യപ്പന്റെ പേരിൽ വോട്ട് തേടിയെന്നതില്‍ വാദം കേൾക്കുമെന്ന് ഹൈക്കോടതി
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാഥിയായിരുന്ന സിപിഎം നേതാവ് എം സ്വരാജ് സമർപ്പിച്ച ഹർജിയിലെ ചില വാദങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി. സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജിന്റെ ഹർജി. ഇത്തരത്തിലൊരു ഹർജി നിലനിൽക്കുമോയെന്ന നിയമപ്രശ്നത്തിലാണ് ജസ്റ്റിസ് പി ജി അജിത്കുമാർ വിധി പറഞ്ഞത്. അയ്യപ്പന്റെ പേരിൽ വോട്ട് തേടിയെന്ന പരാതിയിൽ വാദം കേൾക്കും. പക്ഷെ വോട്ടർമാരെ നിർബന്ധിച്ചുവെന്ന ആരോപണം നിലനിക്കില്ലെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പൻറെ പടo ഉപയോഗിച്ച് വോട്ട് തേടി എന്ന വാദം നിലനിൽക്കും. അയ്യപ്പൻറെ പേരുപറഞ്ഞ് വോട്ട് ചോദിച്ചു മതിലിൽ പ്രചാരണ വാചകങ്ങൾ എഴുതിയെന്ന വാദങ്ങൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എതിർ സത്യവാങ്മൂലം നൽകാൻ കെ ബാബുവിന് മൂന്നാഴ്ച സമയം അനുവദിച്ചു. കേസ് അടുത്തമാസം 24ന് വീണ്ടും പരിഗണിക്കും.
ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം. ഇതിൽ കോടതി വിശദമായ വാദം കേൾക്കും. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കെ ബാബു 992 വോട്ടുകൾക്കാണ് സ്വരാജിനെ പരാജയപ്പെടുത്തിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ ബാബുവിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉൾപ്പെടുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പനൊരു വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപകമായി പ്രചാരണമുണ്ടായി. മാർച്ച് 19, 20, 21 തീയതികളിൽ മണ്ഡലത്തിൽ അയ്യപ്പന്റെ പേര് പരാമർശിച്ച് ചുവരെഴുത്തുകൾ നടത്തി. ഇതിനായി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. ‘അയ്യനെ കെട്ടിക്കാൻ വന്നവനെ അയ്യന്റെ നാട്ടിൽ നിന്ന് കെട്ടുകെട്ടിക്കാൻ കെ ബാബുവിന് വോട്ടു ചെയ്യൂ’ എന്നായിരുന്നു ചുവരെഴുത്തുകൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടക്കൊച്ചി മേഖലയിലും തൃപ്പൂണിത്തുറ, എരൂർ നോർത്ത്, തോപ്പിൽ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലും വോട്ടർമാരോട് നേരിട്ട് അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് ചോദിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം ജാതി, മതം, സമുദായം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ക്രമക്കേടാണ്. അതിനാൽ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് തേടിയ കെ ബാബുവിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ക്രമക്കേടാണെന്നും വിജയം റദ്ദാക്കണമെന്നുമാണ് ആവശ്യം.