സ്വപ്നാ സുരേഷിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ; വിരട്ടാമെന്നത് സ്വപ്നം മാത്രമെന്ന് സ്വപ്ന

സ്വപ്നാ സുരേഷിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ; വിരട്ടാമെന്നത് സ്വപ്നം മാത്രമെന്ന് സ്വപ്ന

കേസ് പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി
Updated on
1 min read

സ്വപ്നാ സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി ഫയലിൽ സ്വീകരിച്ചു. കേസ് പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. നിക്കോളാസ് മുഖേന നേരിട്ട് ഹാജരായാണ് എം വി ഗോവിന്ദൻ പരാതി നൽകിയത്. കേസ് കൊടുത്ത് വിരട്ടാമെന്ന് നേക്കേണ്ടെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെ സ്വപ്നയുടെ മറുപടി.

തന്റെ യശസ് കളങ്കപ്പെടുത്തുന്ന കള്ള പ്രചരണമാണ് സ്വപ്നാ സുരേഷും വിജേഷ് പിള്ളയും ചേർന്ന് നടത്തിയതെന്നാണ് പരാതിയിൽ എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവായി സ്ഫോടനാത്മകമായ വിവരങ്ങൾ എന്ന് മുൻകൂട്ടി അറിയിച്ച് പറഞ്ഞ കാര്യങ്ങൾ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുകയും പ്രാധാന്യത്തോടെ വാർത്തയാകുകയും ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പിൻമാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കുവാനും വിജേഷ് പിള്ള എന്ന വ്യക്തി വഴി വാഗ്ദാനം ചെയ്തുവെന്നും അനുസരിച്ചില്ലെങ്കിൽ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ലൈവിൽ സ്വപ്ന സുരേഷ് എം വി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ചത്. ഇക്കാര്യങ്ങൾ അടിസ്ഥാനരഹിതവും സാമാന്യയുക്തിക്ക് നിരക്കാത്തതുമാണെന്ന് കോടതിയിൽ എം വി ഗോവിന്ദൻ മൊഴി നൽകി.

ക്രിമിനൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് ഫേസ് ബുക്കിൽ സ്വപ്നാ സുരേഷിന്റെ മറുപടിയെത്തുന്നത്. കോടതിയിലേക്ക് സ്വാഗതമെന്നും ഇനി നമുക്ക് കോടതിയിൽ കാണാമെന്നുമാണ് എം വി ഗോവിന്ദനോട് സ്വപ്നയുടെ വെല്ലുവിളി. കേസ് കൊടുത്ത് തന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നും സ്വപ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in