വിഴിഞ്ഞം സമരം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് എം വി ഗോവിന്ദൻ; മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് വി ഡി സതീശൻ
വിഴിഞ്ഞത്ത് സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രശ്‍നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ഇതുവരെ നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടാണ് വിഴിഞ്ഞത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. അദാനിയുടെ നിലപാടാണ് സർക്കാർ ആവർത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
പോലീസുകാർ ഭൂമിയോളം താഴ്ന്നുവെന്നും വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് സമരക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നത് സാധ്യമാകില്ലെന്ന് സമരസമിതിക്ക് അറിയുന്ന കാര്യമാണ്. സമരക്കാർ ഉന്നയിക്കുന്ന ഏഴിൽ ആറ് ആവശ്യങ്ങളും സർക്കാർ നേരത്തെ അംഗീകരിച്ചതാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷങ്ങളും കനക്കുന്നു. കരയും കടലും ഒരേസമയം മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. നടുക്കടലിൽ വള്ളം കത്തിച്ചും പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞും സർക്കാരിന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും തീർപ്പാക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ സ്വയം കത്തിച്ച് പ്രതിഷേധിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ആവാസ വ്യവസ്ഥ തകർക്കുന്ന വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക എന്നിങ്ങനെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 20 മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നിർമാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെയും ഇടവകകളിലേയും മത്സ്യത്തൊഴിലാളികള്‍ അന്നു മുതല്‍ പ്രതിഷേധത്തിലാണ്.