മാധ്യമങ്ങളുടെ ജാതകം നോക്കി ഗവർണർ തീരുമാനമെടുത്താല്‍ അംഗീകരിക്കാന്‍ ഞങ്ങളെ കിട്ടില്ല: എം വി നികേഷ് കുമാർ

മാധ്യമങ്ങളുടെ ജാതകം നോക്കി ഗവർണർ തീരുമാനമെടുത്താല്‍ അംഗീകരിക്കാന്‍ ഞങ്ങളെ കിട്ടില്ല: എം വി നികേഷ് കുമാർ

വാർത്താസമ്മേളനത്തില്‍ നിന്ന് മീഡിയ വണ്ണിനേയും കൈരളി ടിവിയെയും ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച വിട്ടു നിന്ന റിപ്പോർട്ടർ ടിവി എംഡി എംവി നികേഷ് കുമാർ സംസാരിക്കുന്നു
Updated on
2 min read

വാർത്താസമ്മേളനത്തില്‍ നിന്ന് റിപ്പോർട്ടർ ടി വി മാറിനിൽക്കാനുള്ള സാഹചര്യം

രാജ്ഭവനിൽ കഴിഞ്ഞ മാസം മാധ്യമങ്ങളെ കാണുമ്പോൾ ഗവർണർ നാല്‌ മാധ്യമങ്ങളെ മാറ്റി നി‍‍ർത്തിയിരുന്നു- അതിലൊന്നായിരുന്നു റിപ്പോർട്ടർ. നിലപാടിലെ കൺസിസ്റ്റൻസി എന്ന നിലക്കാണ് ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മീഡിയ വണ്ണിനോടും, കൈരളിയോടും മാറിനിൽക്കാൻ ആവശ്യപ്പെട്ട സമയത്ത് തന്നെ ആ വാർത്താസമ്മേളനം ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തത്. ഞങ്ങൾ കേരള ടെലിവിഷൻ ഫെഡറേഷൻ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ചാനലാണ്. എല്ലാ മാധ്യമസ്ഥാപനങ്ങളും അതിൽ അംഗമാണ്. വി മുരളീധരൻ മുൻപ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ വാർത്താ സമ്മേളനത്തിൽ നിന്ന് നീക്കം ചെയ്തപ്പോൾ എല്ലാ ടെലിവിഷൻ ചാനലുകളും ആ വാർത്താസമ്മേളനനത്തിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ആ നിലയിലും ഞങ്ങളുടെ കൺസിസ്റ്റന്റ് ആയിട്ടുള്ള നിലപാട് ആണിത്. നാളെ ജനം ടിവി പറ്റില്ല എന്ന് പിണറായി വിജയൻ പറഞ്ഞാലും ഞങ്ങളുടെ നിലപാട് ഇത് തന്നെ ആയിരിക്കും.

വാർത്താസമ്മേളനം എന്നത് ഒരു പൊതുപരിപാടിയാണ്

എല്ലാ മാധ്യമങ്ങൾക്കും വാർത്താ സമ്മേളനം കവർ ചെയ്യാനുള്ള അവകാശം ഉണ്ട്. അതിനകത്ത് പോയി ഓരോ മാധ്യമത്തിന്റെയും ജാതകം നോക്കുക , ആ ജാതകം നോക്കി ഈ മാധ്യമം കേഡർ മാധ്യമമാണ് , മറ്റേ മാധ്യമം ഒരു ഇരുപതുവർഷം മുൻപ് മറ്റൊരു നിലപാട് എടുത്തിട്ടുണ്ട്, എന്നൊന്നും പറഞ്ഞ് അങ്ങനെ മാറ്റി നിർത്താൻ പറ്റില്ല. അത് കേരളത്തിലെ മാധ്യമ സാഹചര്യം എന്താണ് എന്ന ​ഗവ‍ർണറുടെ അറിവില്ലായ്മയിൽ നിന്ന് വരുന്നതാണ് എന്നാണ് റിപ്പോർട്ടർ ടിവി മനസിലാക്കുന്നത്.

രണ്ട് മാധ്യമങ്ങളെ ഭർത്സിച്ച് ഇറക്കിവിട്ടപ്പോൾ ബാക്കി മാധ്യമങ്ങൾ ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് നീതി ആയില്ല

പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. ഗവർണറുടെ അറിവില്ലായ്മ നമുക്ക് അംഗീകരിക്കാം, കാരണം അദ്ദേഹം ഉത്തരേന്ത്യയിൽ നിന്ന് വരുന്നൊരു രാഷ്ട്രീയക്കാരൻ ആണ്. അഞ്ചോ ആറോ രാഷ്ട്രീയപാർട്ടികൾ കടന്നുവന്ന ഒരു രാഷ്ട്രീയക്കാരൻ ആണ് അദ്ദേഹം. പക്ഷെ കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെയല്ല, വലിയ പാരമ്പര്യം ഉണ്ട് അവ‍ർക്ക്. ലോകത്ത് തന്നെ തല ഉയർത്തിനിൽക്കുന്ന ഒരു ചരിത്രം ഉണ്ട്. ആ ഒരു മാധ്യമ ചരിത്രം മറന്നുകൊണ്ട്, രണ്ട് മാധ്യമങ്ങളെ ഭർത്സിച്ച് ഇറക്കിവിട്ടപ്പോൾ ബാക്കി മാധ്യമങ്ങൾ ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് നീതി ആയില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അക്കാര്യത്തിൽ തിരുത്തൽ വേണം എന്ന് റിപ്പോർട്ടർ ടിവി കൂടി അംഗം ആയിട്ടുള്ള കേരള ടെലിവിഷൻ ഫെഡറേഷനിൽ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ KUWJ രാജ്ഭവനിലേക്ക് ഒരു മാർച്ച് നടത്തുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ പ്രസക്തമായ കാര്യമാണ്. പ്രതിഷേധം ആ വിധം അവർ അറിയിക്കാൻ ശ്രമിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതുപോലെ തന്നെ ഇനിയൊരു വാർത്താസമ്മേളനത്തിൽ നിന്ന് ആരെയെങ്കിലും ഇറക്കി വിട്ടാൽ എല്ലാവരും ഇറങ്ങിപ്പോവുക എന്നതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും എല്ലാവരും സ്വീകരിക്കേണ്ട നിലപാട് എന്നുള്ളതാണ് റിപ്പോർട്ടർ ടിവിയുടെ കാഴ്ചപ്പാട്.

റിപ്പോർട്ടർ ചാനലിന് ഇന്റർവ്യൂ തരാൻ അവർ ഉദ്ദേശിക്കുന്നില്ല എങ്കിൽ ഞങ്ങൾക്ക് വേണ്ട. വേറെ ചാനലിൽ കൊടുത്താലും അത് ഗവർണറുടെ തീരുമാനം ആണ് . അതിൽ എതിർപ്പില്ല

ആദ്യം തന്നെ സെലക്ടീവ് ആയി മാധ്യമങ്ങളെ വിളിച്ചപ്പോൾ എല്ലാ മാധ്യമങ്ങളും ഒഴിഞ്ഞു നിൽക്കണമായിരുന്നു. അന്ന് ഒരു ന്യായീകരണം ഉണ്ടായിരുന്നു. അതൊരു വാർത്താസമ്മേളനം അല്ല, ഇന്റർവ്യൂ ആണ് , ഇന്റർവ്യൂ ഒന്നിച്ച് കൊടുത്തതാണ്. ​ഗവർണറെ സംബന്ധിച്ചിടത്തോളം ആർക്ക് ഇന്റർവ്യൂ കൊടുക്കണം എന്ന് അവർക്ക് തീരുമാനിക്കാം. റിപ്പോർട്ടർ ചാനലിന് ഇന്റർവ്യൂ തരാൻ അവർ ഉദ്ദേശിക്കുന്നില്ല എങ്കിൽ ഞങ്ങൾക്ക് വേണ്ട. വേറെ ചാനലിൽ കൊടുത്താലും അത് ഗവർണറുടെ തീരുമാനം ആണ് . അതിൽ എതിർപ്പില്ല. ആ നിലയിൽ എല്ലാ ടെലിവിഷൻ ചാനലുകളിലെയും റിപ്പോർട്ടർമാർക്ക് ഒരുമിച്ച് ഇന്റർവ്യൂ നൽകുന്നു എന്ന നിലപാട് ആണ് അന്ന് എടുത്തത്. വെറുതെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണെങ്കിൽ പോലും അങ്ങനെ ഒരു നിലപാടെങ്കിലും അന്ന് ഉണ്ടായിരുന്നു. ഇത് അതല്ല സംഭവിച്ചത്

ഗവർണർ മാധ്യമങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു , ഇമെയിൽ റിക്വസ്റ്റ് വേണം എന്ന് എല്ലാ മാധ്യമങ്ങളിലേക്കും അറിയിപ്പ് കിട്ടിയിരുന്നു. ഞങ്ങളുടെ പ്രതിനിധി അശ്വിൻ ഇമെയിൽ റിക്വസ്റ്റ് കൊടുത്തു. അതിന് അനുവദിച്ചുകൊണ്ടുള്ള മറുപടിയാണ് ലഭിച്ചത്. അതുപോലെ തന്നെ കൈരളിയും മീഡിയ വണ്ണും ഇമെയിൽ റിക്വസ്റ്റ് കൊടുക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെ ക്ഷണിച്ചു വരുത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് പറഞ്ഞുവിടുക എന്നുള്ളത് അനുവദനീയമല്ല. കഴിഞ്ഞ തവണ തന്നെ കൃത്യമായ നിലപാട് എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ ചെയ്യാനുള്ള ധൈര്യം ഗവർണർക്ക് ഉണ്ടാകുമായിരുന്നില്ല. അടുത്ത തവണയെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുൻപിൽ കേരളത്തിലെ മാധ്യമങ്ങൾ നട്ടെല്ലുള്ള തീരുമാനം എടുക്കണം എന്നാണ് പറയാനുള്ളത്.

logo
The Fourth
www.thefourthnews.in