'സംഘപരിവാറിന്റെ അർദ്ധ ഫാസിസ്റ്റ് ഭരണം ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് വരുമോ'? തരൂരിനെ പരോക്ഷമായി ക്ഷണിച്ച് സിപിഎം
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശശി തരൂരിനെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി ക്ഷണിച്ച് എം എ ബേബി. തോല്‍വി നേരിട്ടെങ്കിലും 10 ശതമാനം വോട്ട് നേടിയ തരൂരിനെ അഭിനന്ദിച്ചും കോൺഗ്രസില്‍ തുടരുമോയെന്ന ചോദ്യം ഉന്നയിച്ചും എം എ ബേബി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. ശശി തരൂർ ഇനി എന്തുചെയ്യും എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
നെഹ്റുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്ക് തരൂർ വരുമോയെന്നാണ് എംഎ ബേബിയുടെ ചോദ്യം. സംഘപരിവാറിൻറെ അർദ്ധ ഫാസിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് തരൂർ വരുമോയെന്ന അദ്ദേഹത്തിന്റെ ചോദ്യം ഇടതുപക്ഷത്തേക്കുള്ള പരോക്ഷ ക്ഷണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
'ശശി തരൂർ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോൺഗ്രസിൽ നിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശം. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്റുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ? സംഘപരിവാറിൻറെ അർദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ?' ഫേസ്ബുക്ക് കുറിപ്പില്‍ എംഎ ബേബി ചോദിക്കുന്നു.
തരൂരിനോട് ഗാന്ധി കുടുംബം പക്ഷഭേദം കാണിച്ചെന്നും തരൂരിനെക്കാള്‍ കഴിവുളളയാളായതുകൊണ്ടോ പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണയുള്ളതുകൊണ്ടോ അല്ല, ഖാര്‍ഗെ ജയിച്ചതെന്നും സോണിയ കുടുംബം പറയുന്നവരെ പാര്‍ട്ടി ജയിപ്പിക്കുമെന്നും കുറിപ്പില്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഇഷ്ടനേതാവല്ല തരൂരെന്നും കേരളത്തിലെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കാള്‍ തരൂരിനെതിരെയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നാല് തവണയാണ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി വിടുകയോ അല്ലെങ്കില്‍ ഒതുക്കപ്പെടുകയോ ആണ് ചെയ്തിട്ടുള്ളതെന്നും ആരോപിച്ചു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ലെന്നിരിക്കെ തരൂര്‍ ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് എംഎ ബേബി ഉയർത്തുന്നത്.