മധു,സുനില്‍കുമാര്‍
മധു,സുനില്‍കുമാര്‍

ഇന്നലെ കാണാനാവാത്തത് ഇന്ന് കണ്ടു ; മധു വധക്കേസില്‍ മൊഴി തിരുത്തിയത് ഇങ്ങനെ

കേസിലെ 32-ാം സാക്ഷി മനാഫ് ഇന്ന് കൂറുമാറി
Updated on
1 min read

അട്ടപ്പാടി മധു വധക്കേസില്‍ കൂറു മാറിയ 29-ാം സാക്ഷി സുനില്‍കുമാര്‍ പുനര്‍ വിസ്താരത്തില്‍ മൊഴി തിരുത്തി. ഇന്നലെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയിലെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ട മധുവും സുനിലും പ്രതികളും ഉള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്നായിരുന്നു സുനിലിന്റെ മൊഴി. ഇതിനെ തുടര്‍ന്നാണ് വിചാരണ കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാന്‍ ഉത്തരവിട്ടത്. കാഴ്ച പരിമിതി ഇല്ലാത്തയാളാണ് സുനില്‍കുമാര്‍ എന്ന് പരിശോധനാ ഫലം വന്നതോടെ പുനര്‍ വിസ്താരം എന്ന അപൂര്‍വ നടപടിയിലേക്ക് കോടതി കടക്കുകയായിരുന്നു.

എന്നാല്‍ പുനര്‍ വിസ്താരത്തില്‍ സുനില്‍കുമാര്‍ മൊഴി തിരുത്തി. ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയെന്നും മധു മര്‍ദനമേറ്റ് ഇരിക്കുന്നത് കണ്ടുവെന്നും മൊഴിയില്‍ സുനില്‍കുമാര്‍ സമ്മതിച്ചു. ഇന്നലെ കാണിച്ച അതേ വീഡിയോ ദൃശ്യം വീണ്ടും കാണിച്ചപ്പോഴായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഇതോടെ കോടതിയില്‍ നുണ പറഞ്ഞതിനും തെറ്റിദ്ധരിപ്പിച്ചതിനും സുനിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നല്‍കി.

 മധു,സുനില്‍കുമാര്‍
അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കണമെന്ന് കോടതി

കണ്ണിനു മങ്ങലുണ്ടെന്നും ഒന്നും വ്യക്തമായി കാണാനാകില്ലെന്നുമായിരുന്നു കൂറുമാറിയ വനം വാച്ചറായ സുനില്‍ കുമാറിന്റെ കഴിഞ്ഞ ദിവസത്തെ മൊഴി. ഇത് കളവാണെന്ന് സംശയം തോന്നിയ കോടതി കണ്ണ് പരിശോധിക്കാന്‍‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന മെഡിക്കല്‍ പരിശോധനയില്‍, സാക്ഷി സുനില്‍ കുമാറിന് കാഴ്ചയ്ക്ക് തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സുനില്‍ കുമാറിനെതിരെ നിയമനടപടി വേണമെന്ന് പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചത്. വിചാരണക്കിടെ കൂറുമാറിയ സുനില്‍ കുമാറിനെ വനം വകുപ്പ് ഇന്നലെത്തന്നെ പിരിച്ചു വിട്ടിരുന്നു.

അതിനിടെ കേസിലെ ഒരു സാക്ഷി കൂടി കൂറു മാറി. 32-ാം സാക്ഷി മനാഫ് ആണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും മനാഫ് മൊഴി നല്‍കി. ഇതോടെ മധു വധക്കേസില്‍ കൂറു മാറിയവരുടെ എണ്ണം പതിനേഴായി.

logo
The Fourth
www.thefourthnews.in