ട്രെയിൻ തീവയ്പ്: പിടിയിലായ ഷാരൂഖ് സെയ്ഫി രത്നഗിരിയില്‍ ചികിത്സതേടി, കുറ്റസമ്മതം നടത്തിയെന്ന് മഹാരാഷ്ട്ര എടിഎസ്
കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ചത് രത്നഗിരിയില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി എന്നയാള്‍ തന്നെയെന്ന് മഹാരാഷ്ട്ര പോലീസ് എടിഎസ്. കേന്ദ്ര ഇന്റലിജന്‍സും മഹാരാഷ്ട്ര എടിഎസും ചേര്‍ന്ന് ഇന്ന് പുലർച്ചെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ഡിഐജി മഹേഷ് പാട്ടീല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ട്രെയിനില്‍ തീയിട്ടത് താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചതായും, തുടർ അന്വേഷണത്തിനായി ഇയാളെ കേരള പോലീസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനിൽ തീയിട്ട ശേഷം പ്രതി മറ്റൊരു ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. ശരീരത്ത് മുറിവേറ്റ കാരണം ചികിത്സയ്ക്കായി രത്നഗിരി ഡിസ്ട്രിക്റ്റ് സിവിൽ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നാണ് പ്രതി രക്ഷപെട്ടത്. തുടർന്ന് പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശേഷം ഇന്ന് പുലർച്ചെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു എന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. ഡൽഹി ഷഹീൻബാഗ് നിവാസിയാണ് ഷാരൂഖ് സെയ്ഫിയെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പിടിയിലാകുമ്പോൾ പ്രതിയുടെ കയ്യിൽ മൊട്ടോറോള കമ്പനിയുടെ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര എടിഎസ് പറയുന്നു. ആധാർ കാർഡ്, പാൻ കാർഡ്, കൊടക് ബാങ്കിന്റെ എടിഎം കാർഡ് എന്നിവയും പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അജ്മീരിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്നഗിരി പോലീസ് റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പിടികൂടുന്നത്.
ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിൻ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്.
കേസില്‍ നിര്‍ണായക തെളിവാകുന്ന അക്രമിയുടെ ബാഗ് എലത്തൂരിന് സമീപത്തെ ട്രാക്കില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് വസ്ത്രങ്ങള്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍, ഒരു കുപ്പിയില്‍ ഇന്ധനം, സ്റ്റിക്കി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. സ്റ്റിക്കി നോട്ടുകളില്‍ വിവിധ സ്ഥലങ്ങളുടെ പേരുകളും എഴുതിചേര്‍ത്തതായി കണ്ടെത്തി. ബാഗും സാധനങ്ങളും ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.