മഹാദേവിക്കാട് കാട്ടില്‍ തേക്കേതില്‍
മഹാദേവിക്കാട് കാട്ടില്‍ തേക്കേതില്‍

പുളിങ്കുന്ന് ജലോത്സവം: മഹാദേവിക്കാട് കാട്ടില്‍ തേക്കേതില്‍ ജേതാക്കള്‍

വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി
Updated on
2 min read

നെഹ്റു ട്രോഫിക്ക് പിന്നാലെ രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.

വള്ളം കളികാണാനെത്തിയവർ
വള്ളം കളികാണാനെത്തിയവർ

ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി. ലീഗില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് നാലാം സ്ഥാനത്തുള്ളത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലെത്തിയത്. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.

മത്സരത്തിൽ നിന്ന്
മത്സരത്തിൽ നിന്ന്

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ കാട്ടില്‍ തെക്കേതിലായിരുന്നു വിജയി. നടുഭാഗം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനം. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ ഇരുടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.

മത്സരത്തിൽ നിന്ന്
മത്സരത്തിൽ നിന്ന്

രാജീവ് ഗാന്ധി കുട്ടനാട് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് പുളിങ്കുന്നില്‍ രാജീവ് ഗാന്ധി ജലോത്സവം ആരംഭിച്ചത്. വലിയ പള്ളിയുടെ മുന്‍പിലുള്ള ആറ്റില്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 24നാണ് ഈ വള്ളംകളി നടക്കുന്നത്. സിബിഎല്ലിന്റെ ഭാഗമായതോടെ വലിയ ആവേശമാണ് പുളിങ്കുന്ന് അടക്കമുള്ള ജലോത്സവങ്ങളിലും ഉണ്ടാവുന്നത്.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in