ധനുമാസത്തിലെ തിരുവാതിര; ആതിരച്ചന്തമുളള പെണ്ണുങ്ങളുടെ രാവ്

ധനുമാസത്തിലെ തിരുവാതിര; ആതിരച്ചന്തമുളള പെണ്ണുങ്ങളുടെ രാവ്

ഇന്നും നാളെയുമായാണ് ഈ വര്‍ഷത്തെ തിരുവാതിര ആഘോഷം. തിരുവാതിരക്കളിയും എട്ടങ്ങാടി നിവേദ്യവും പാതിരാപ്പൂ ചൂടലും ഒക്കെയായി തിരുവാതിര ആഘോഷിച്ച കുട്ടിക്കാലം ഓര്‍ക്കുകയാണ് ലേഖിക
Updated on
3 min read

കേരളത്തനിമയുടെ നൃത്തരൂപമായ കഥകളിക്കും മോഹിനിയാട്ടത്തിനുമൊപ്പം സ്ഥാനമുള്ളതാണ് തിരുവാതിരക്കളി. ഒരു സംഘനൃത്ത രൂപമായതിനാലും ശാസ്ത്രീയമായ ശിക്ഷണം നിര്‍ബന്ധമല്ലാത്തതിനാലും തിരുവാതിരക്കളി മറ്റു കേരളീയ നൃത്യരൂപങ്ങളെക്കാള്‍ ജനകീയവുമാണ്.

ഇന്ന് ആഘോഷ വേളകളിലെല്ലാം ചുറ്റുപാടും കാണുന്ന തിരുവാതിരക്കളി സത്യത്തില്‍ ധനുമാസത്തിലെ തിരുവാതിര വ്രതാചരണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്. ഇന്നും നാളെയുമായാണ് ഈ വര്‍ഷത്തെ തിരുവാതിര ആഘോഷം. ശിവപാര്‍വതി സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ് തിരുവാതിരയുടെ ഐതിഹ്യം. കന്യകമാര്‍ ഇഷ്ടമംഗല്യത്തിനും വിവാഹിതരായ സ്ത്രീകള്‍ ദീര്‍ഘമംഗല്യത്തിനുമായി വ്രതം നോറ്റ് ചുവടുവയ്ക്കുന്ന നൃത്തരൂപമായാണ് തിരുവാതിരക്കളിയുടെ ആവിര്‍ഭാവം. പ്രത്യേകിച്ച് മുദ്രകളോ ഭാവാഭിനയമോ ഒന്നുംതന്നെ ആവശ്യമില്ലാത്ത നൃത്തരൂപം. പാട്ടിന്റെ ഭാവത്തിനനുസരിച്ചാണ് ചുവടുകള്‍, പൊതുവെ ലാസ്യമാണ് പതിവ്.

പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസുചെയ്ത പാര്‍വതി ദേവിയില്‍ പ്രസാദിച്ച മഹാദേവന്‍ ദേവിയെ പാണിഗ്രഹണം ചെയ്തത് തിരുവാതിര നാളിലാണെന്നാണ് ഐതിഹ്യം. ധനുമാസത്തിലെ തിരുവാതിര നാളിലാണ് പരമശിവന്‍ കാമദഹനം നടത്തിയത്. ഇതില്‍ മനംനൊന്ത രതിദേവിയോടൊപ്പം ദേവസ്ത്രീകള്‍ ജലപാനം ഇല്ലാതെ നോമ്പ് നോറ്റെന്നത് മറ്റൊരു ഐതിഹ്യമാണ്. ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീ വ്രതമെടുത്ത് ഭഗവാനെ പ്രത്യക്ഷപ്പെടുത്തിയതും ഈ ദിനത്തിലാണത്രെ. അങ്ങനെ എല്ലാംകൊണ്ടും സ്ത്രീകളുടെ ഉത്സവദിനമാണ് ധനുമാസത്തിലെ തിരുവാതിര.

എട്ടങ്ങാടി
എട്ടങ്ങാടി

അമ്മയുടെ വീട്ടിലെ തിരുവാതിര ഓര്‍മകളാണ് എന്നും മുന്നിലുള്ളത്. രണ്ട് ദിവസം മുമ്പേ എല്ലാവരും ഒത്തുകൂടും. വൃശ്ചികത്തിലെ തിരുവാതിര നാള്‍ മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെയാണ് പണ്ടത്തെ ആഘോഷമെന്ന് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്.

എട്ടങ്ങാടി നിവേദ്യം
എട്ടങ്ങാടി നിവേദ്യം

തിരുവാതിരക്കളി കഴിഞ്ഞാല്‍ ഈ ഉത്സവത്തിന്റെ ഏറ്റവും പ്രചാരം നേടിയ പ്രതീകം എട്ടങ്ങാടി നിവേദ്യമാണ്. മകയിരം നാളില്‍ എട്ടങ്ങാടി നിവേദിക്കും. മുറ്റത്ത് ചാണകം മെഴുകി ഉമിത്തീയിട്ട് ചേന, ചെറുകിഴങ്ങ്, കായ എന്നിവ ചുട്ടെടുത്ത് ശര്‍ക്കര, തേങ്ങ, പഴം, കരിമ്പ്, കടല, ചാളം, എള്ള്, വന്‍പയര്‍ എന്നിവ വറുത്തെടുത്ത് എല്ലാം കൂട്ടിയിളക്കി എട്ടങ്ങാടിയാക്കി നേദിക്കും. വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. എന്റ വീട്ടില്‍ മുത്തശ്ശിയാണ് നേദിക്കാറ് പതിവ്.

ഇതുകഴിഞ്ഞ് അകത്തളത്തില്‍ അമ്മയും പേരശ്ശിമാരും ഒക്കെക്കൂടി വെറ്റിലയും പാക്കും കരിക്കും മൈലാഞ്ചിയും വിളക്ക് കൊളുത്തി അഷ്ടമംഗല്യവും വച്ച് പൂജിക്കും. പിന്നെ കണ്ണെഴുതി കുറിയിട്ട് കറുകമാല (ദശപുഷ്പം) ചൂടി മൂന്നൂം കൂട്ടി (വെറ്റില, പാക്ക്, ചുണ്ണാമ്പ്) മുറുക്കി ഗണപതി, സരസ്വതി, സ്വയംവരം എന്നിവ ചൊല്ലും. ഈ മൂന്നുംകൂട്ടി ചുണ്ടുചുവപ്പിച്ച് നടക്കുന്നത് ഞങ്ങള്‍ പിള്ളേര്‍ക്ക് ഒരു ഹരമാണ്.

എട്ടങ്ങാടി നിവേദ്യം
എട്ടങ്ങാടി നിവേദ്യം

തിരുവാതിര നാളില്‍ രാവിലെ മീനച്ചിലാറ്റില്‍ തുടിച്ചുകളി. അത് കഴിഞ്ഞു വന്നാല്‍ അലക്കിയതുടുത്ത് കണ്ണെഴുതി കുറിയിടണം. ഇത്രേം കഴിഞ്ഞാല്‍ പിന്നെ തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്ന തിരക്കാണ് അടുക്കളയില്‍. ഉച്ചയ്ക്ക് ഗോതമ്പ് കഞ്ഞിയും പുഴുക്കും. അതിന്റെ സ്വാദ് ഇന്നും നാവിലുണ്ട്. സന്ധ്യയ്ക്ക് വിളക്കുകൊളുത്തി പിള്ളേരെ വട്ടം നിര്‍ത്തി ആര്‍പ്പും കുരവയും. കളി തുടങ്ങാറായി എന്ന് അറിയിക്കുന്നതിനാണ് ഇത്. പതിവ് സ്വയംവര കഥകളും മറ്റും കഴിഞ്ഞാല്‍ പാട്ടുകള്‍ തുടങ്ങുകയായി. ആളുകള്‍ കൂടുന്നതിനനുസരിച്ച് വട്ടത്തിന്റെ എണ്ണവും കൂടും.

എട്ടങ്ങാടി നിവേദ്യം
എട്ടങ്ങാടി നിവേദ്യം

12 മണി കഴിഞ്ഞാല്‍ പാതിരാപ്പൂചൂടല്‍ ആണ്. പുത്തന്‍തിരുവാതിര ഉള്ള കുട്ടികളാകും പാതിരാപ്പൂ പറിക്കാന്‍ നില്‍ക്കുക. അടയ്ക്കാമണിയന്‍ പൂവ്, കൊടുവേലിപ്പൂവ് എന്നിവയുടെ തണ്ട് മുറിച്ച് കുറച്ചു ദൂരെ വയ്ക്കും. വീട്ടില്‍ നിന്ന് കിണ്ടിയില്‍ വെള്ളവും നേദിക്കാനുള്ള വസ്തുക്കളുമായി പാതിരാച്ചെടിയുടെ അടുത്തേക്ക് എല്ലാവരും കൂടി പോകും. അവിടെ ചെന്ന് ചെടി നട്ടുനനച്ച് അനുവാദം വാങ്ങി കുട്ടികള്‍ തലയിലേറ്റി കൊണ്ടുവരും. പാതിരപ്പൂ കൊണ്ടുവരുന്നത് നാട് മുഴുവന്‍ അറിയണം എന്നാണ്. ആര്‍പ്പും കുരവയും പത്തുപൂപ്പാട്ട്, വഞ്ചിപ്പാട്ട് ഒക്കെ പാടി നാടിനെ ഉണര്‍ത്തി ആഘോഷമായി വീട്ടുമുറ്റത്ത് എത്തിക്കും. പിന്നീട് നെടുമംഗല്യമുള്ളവര്‍ പാതിരാച്ചെടിയുടെ ചുറ്റുമിരുന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലി ഇവ തലയില്‍ ചൂടും. തിരുവാതിര നാളില്‍ ഉച്ച കഴിഞ്ഞാല്‍ പിന്നെ അടുക്കളഭരണം ആണുങ്ങള്‍ ഏറ്റെടുക്കും. പാതിരാപ്പൂ ചൂടി കളിച്ച് ക്ഷീണിക്കുമ്പോള്‍ ചൂട് കട്ടന്‍കാപ്പിയും കായവറുത്തതും ഏത്തപ്പഴവും.

പാതിരാപ്പൂ ടൂചല്‍
പാതിരാപ്പൂ ടൂചല്‍

ഇത്രയും കഴിഞ്ഞാല്‍ പിന്നീട് ഉറക്കമിളയ്ക്കാന്‍ ചെമ്പഴുക്കാക്കളി, നരിം പുലിം, ഇട്ടിത്തൂപ്പന്‍, തുമ്പികളി, പെണ്ണിരിക്കല്‍, അഴിപിടിക്കല്‍ തുടങ്ങിയ തമാശപ്പാട്ടുകളുടെ സമയമാണ്. ഈ പാട്ടുകളില്‍ പലതും വായ് മൊഴികളാണെന്നതാണ് പ്രത്യേകത. വെളുപ്പിനെ നാല് മണിവരെ പാട്ടും കളികളും തുടരും. അതുകഴിഞ്ഞാല്‍ വീണ്ടും പെണ്ണുങ്ങളെല്ലാവരും കൂടി തുടിച്ചുകുളിക്കാന്‍ പുഴയിലേക്ക്. കുളിച്ച് ഈറനോടെ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്നതോടെ തീരുകയായി ആ വര്‍ഷത്തെ തിരുവാതിര. പിന്നെ, ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്, പാതിരാപ്പൂ ചൂടാന്‍, തിരുവാതിരക്കളിക്ക് ചുവട് വയ്ക്കാന്‍.

logo
The Fourth
www.thefourthnews.in