എറണാകുളം- അങ്കമാലി അതിരൂപത ബിഷപ്പ് ചുമതല ഇല്ല, സഭയുടെ പേര് മാറുന്നതില്‍ വ്യക്തത ഉടന്‍: റാഫേല്‍ തട്ടില്‍
സീറോ - മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപത ബിഷപ്പ് എന്ന ചുമതല തനിക്കില്ലന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ചുമതല ബോസ്‌കോ പുത്തുരിന് ആയിരിക്കും.
സഭയുടെ പേര് മാറുന്നതില്‍ ഉടന്‍ വത്തിക്കാന്‍ വ്യക്തത വരുത്തും. സഭ പാത്രിയര്‍ക്കല്‍ പദവിയിലേക്ക് എന്നതാണ് ലക്ഷ്യം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റും എന്നാണ് പ്രതീക്ഷയെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തശേഷം റാഫേല്‍ തട്ടില്‍ പറഞ്ഞു.
സീറോ - മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി റാഫേല്‍ തട്ടില്‍ ഇന്ന് വൈകിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാലാ രൂപത ബിഷപ്പ് കല്ലറങ്ങാട്ട്, തലശേരി ആര്‍ച്ച്ബിഷപ്പ് ജോസഫ്പാംപ്ലാനി, കല്യാണ്‍ രൂപത ബിഷപ്പ് തോമസ് ഇലവനാല്‍ എന്നിവരും മെത്രാന്‍മാരും വിമുഖത അറിയിച്ചതോടെ സമവായ സ്ഥാനാര്‍ഥിയായി സിനഡിന്റെ പൂര്‍ണ പിന്തുണ നേടിയാണ് ഷംഷാബാദ് മെത്രാനായ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലാണ് നടക്കുക. നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ കൂരിയ ബിഷപ്പും സഭാ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
റാഫേല്‍ തട്ടില്‍ ചുമതല ഏറ്റതിനുശേഷം ആദ്യ സിനഡ് സമ്മേളനം നാളെ വൈകിട്ട് നടക്കും. നിര്‍ണായക തീരുമാനങ്ങളും സിനഡ് സമ്മേളനം സമാപിക്കുന്ന 13 ന് ഉണ്ടാകും. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പുതിയ രൂപത, എറണാകുളം - അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍, ചങ്ങനാശേരി അതിരൂപതയുടെ മെത്രാപോലിത്തയുടെ തിരഞ്ഞെടുപ്പ്, എറണാകുളം അതിരൂപതയുടെ മെത്രാപോലീത്തയുടെ നിയമനം എന്നിവയാകും സിനഡിന്റെ മുഖ്യ അജന്‍ഡ.