മലപ്പുറം എസ് പി സുജിത്ത് ദാസ് പരിശീലനത്തിനായി ഹൈദരാബാദിലേക്ക്;
പകരം ചുമതല പാലക്കാട് എസ് പി ആർ ആനന്ദിന്

മലപ്പുറം എസ് പി സുജിത്ത് ദാസ് പരിശീലനത്തിനായി ഹൈദരാബാദിലേക്ക്; പകരം ചുമതല പാലക്കാട് എസ് പി ആർ ആനന്ദിന്

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സുജിത്ത് ദാസ് ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോകുന്നത്
Updated on
1 min read

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഒരു മാസത്തെ പരിശീലനത്തിനായി സെപ്റ്റംബർ രണ്ടിന് ഹൈദരാബാദിലേക്ക് പോവും. പാലക്കാട് എസ് പി ആർ. ആനന്ദായിരിക്കും പകരം മലപ്പുറത്തിന്റെ ചുമതലയിലുണ്ടാവുക. സർവീസിനിടെ ഐപിഎസ് ഉദ്യോഗസ്ഥർ കോമൺ മിഡ് കരിയർ ട്രെയ്നിങ് പ്രോഗ്രാം പൂർത്തിയാക്കണം. സർവീസിൽ 9 വർഷം പൂർത്തിയാക്കുമ്പോഴാണ് പരിശീലനം.

കരിയറിലെ അടുത്ത ഘട്ടമായ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് ലഭിക്കുന്നതിന് ഇത് നിർബന്ധമാണ്. ഐപിഎസ് ഉദ്യോഗസ്ഥരായ ജി. പൂങ്കുഴലി, ചൈത്ര തെരേസ ജോൺ, കിരൺ നാരായണൻ എന്നിവരും സുജിത് ദാസിനൊപ്പം സർദാർ വല്ലഭായ് പട്ടേൽ പോലീസ് അക്കാദമിയിലെ പരിശീലനത്തിന് പോകുന്നുണ്ട്.

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സുജിത്ത് ദാസ് ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോകുന്നത്. താമിർ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് എസ് പിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എസ് പി യെ മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യമടക്കം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

അതേസമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ 4 പോലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. ഒന്നാംപ്രതി താനൂർ സ്റ്റേഷനിലെ എസ്. സിപിഒ ജിനേഷ്, രണ്ടാംപ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചവരാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in