താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ഏഴ് പേരുടെ നില ഗുരുതരം
മലപ്പുറം താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പത്തുപേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ട്. ഇവരില്‍ ഏഴുപേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ അമിതമായി ആളുകളെ കയറ്റി നടത്തിയ ബോട്ട് യാത്രയാണ് അപകടത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് പോലും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുപത് പേരെ കയറ്റാവുന്ന ബോട്ടില്‍ 39 പേര്‍ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.
അതേസമയം, ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ ആറുമണിയോടെ തന്നെ പുനരാരംഭിച്ചു. 21 അംഗ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മന്ത്രിമാരായ വി അബ്ദുള്‍ റഹ്‌മാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവും ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. ബോട്ടപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവരും അനുശോചിച്ചു.
അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികളും ഉടന്‍ ആരംഭിക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.