ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണന്റെ നിയമനം: ജാതി വിവേചനമല്ലെന്ന് ദേവസ്വം ബോർഡ്; കോടതി ഇടപെടേണ്ടെന്ന് യോഗക്ഷേമ സഭ

ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണന്റെ നിയമനം: ജാതി വിവേചനമല്ലെന്ന് ദേവസ്വം ബോർഡ്; കോടതി ഇടപെടേണ്ടെന്ന് യോഗക്ഷേമ സഭ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്
Updated on
2 min read

ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണനെ നിയമിക്കണമെന്ന ദേവസ്വം ബോർഡിന്റെ നിലപാടിൽ ഹൈക്കോടതിയിൽ നടക്കുന്നത് ശക്തമായ വാദപ്രതിവാദം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയത്തിൽ വാദം കേൾക്കുന്നത്. നിയമനം ആചാരത്തിന്റെ ഭാഗമാണെന്നും കോടതി ഇടപെടരുതെന്നുമാണ് ഇന്ന് യോഗക്ഷേമസഭ ഹൈക്കോടതിയിൽ വാദിച്ചത്.

യോഗക്ഷേമസഭയ്ക്ക് വേണ്ടി വിഷ്ണുനമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവർ കക്ഷി ചേർന്നു. മലയാള ബ്രാഹ്മണൻ എന്ന നിബന്ധന മുൻപ് കോടതികൾ അംഗീകരിച്ചിട്ടുള്ളതാണ്. ശബരിമല മേൽശാന്തി നിയമനം പൊതു നിയമനമല്ലെന്ന് മുൻപ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു. തന്ത്രിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. തന്ത്രിയെ കക്ഷി ചേർക്കാത്തതിനാൽ ഈ കേസ് നിലനിൽക്കുന്നതല്ലെന്നും യോഗക്ഷേമസഭ വ്യക്തമാക്കി. ശബരിമലയിൽ മലയാള സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണൻ എന്ന് നിബന്ധന വെയ്ക്കുന്നത്. ക്ഷേത്രം മാനേജ്മെന്റ് ആയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉൾപെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു പുതുതായി ഹർജിയിൽ കക്ഷി ചേർന്ന ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഹർജിക്കാരുടെ വാദം.

തന്ത്രിയെ കക്ഷി ചേർക്കാത്തതിനാൽ ഈ കേസ് നിലനിൽക്കുന്നതല്ലെന്ന് യോഗക്ഷേമസഭ

കേസിൽ തന്ത്രിയെ കക്ഷി ചേർത്തിട്ടില്ല. ഇത് ബ്രാഹ്മണ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമായതുകൊണ്ട് പത്രപരസ്യം നൽകി ബ്രാഹ്മണരേയും ഭക്തരേയും കോടതി കേൾക്കണം. ക്ഷേത്ര പ്രവേശനത്തിനുള്ള അധികാരം ശ്രീകോവിലിന് മുൻപിൽ അവസാനിക്കും. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചെന്നതുകൊണ്ട് ശ്രീ കോവിലിൽ പ്രവേശിക്കാനുള്ള അധികാരവുമുണ്ടെന്ന് വാദിക്കാനാകില്ല. മലയാള ബ്രാഹ്മണർക്കുമാത്രമേ ശ്രീകോവിലിൽ പ്രവേശിക്കാനും പൂജ ചെയ്യാനും അവകാശമുള്ളൂ എന്നത് കാലങ്ങളായി നിലവിലുള്ള അലിഖിത നിയമമാണ്. അതിന് നിയമപ്രാബല്യമുണ്ട്. മേൽശാന്തിയെന്നത് ഒരു കേവലസർക്കാർ തസ്തികയല്ല, അതിൽ വിശ്വാസങ്ങളും ആചാരങ്ങളും ഭക്തിയുമെല്ലാം ഇഴചേർന്നുകിടപ്പുണ്ട്. മലയാള ബ്രാഹ്മണൻ എന്നത് ഒരു പ്രത്യേക റിലീജ്യസ് ഡിനോമിനേഷൻ (Religious denomination) ആണ്. ശബരിമല മേൽശാന്തി മലയാള ബ്രാഹ്മണൻ ആകണം എന്ന വ്യവസ്ഥ ജാതിവിവേചനമല്ലെന്നും കക്ഷി ചേർന്നവർ അറിയിച്ചു.

ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനായിരുന്നു സിറ്റിങ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതിനെതിരെ സിജിത്ത് ടി എൽ, വിജീഷ് പി ആർ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ശബരി​മലയി​ലൊഴി​കെ ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ലെന്ന് ദേവസ്വം ബോർഡ്

വൈക്കം,ഏറ്റുമാനൂർ,ശബരിമല തുടങ്ങിയ പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തി നിയമനത്തിലടക്കം ചില കീഴ്വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഇക്കാര്യത്തിലെ നിലപാട്. ശബരി​മലയി​ലൊഴി​കെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരി​മല മേൽശാന്തി​ നി​യമനം പൊതു,സ്ഥി​രനി​യമനമല്ല. ബ്രാഹ്മണരി​ൽ നി​ന്നുള്ള വി​ഭാഗങ്ങളെയും ഒഴി​വാക്കി​ നി​ർത്തുന്നതി​നാൽ ജാതി​വി​വേചനമായി​ കണക്കാക്കേണ്ടതി​ല്ല. 2015ലെ ഹൈക്കോടതി​ ഡി​വി​ഷൻ ബെഞ്ച് വി​ധി​യി​ൽ ശബരി​മല മേൽശാന്തി​ പദവി​ പൊതുവി​ലുള്ളതല്ലെന്ന് വ്യക്തമാക്കി​യി​ട്ടുണ്ട്. പൗരാണി​കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തി​മാരാക്കുന്നതെന്ന ചോദ്യത്തി​ന് തെറ്റാണെങ്കി​ൽ ഹർജി​ക്കാർ തെളി​യി​ക്കട്ടെ എന്നുമാണ് ദേവസ്വം ബോർഡ് കോടതിയിൽ നിലപാടെടുത്തത്.

മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്ന് ഹർജിക്കാർ

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹൈക്കോടതിയിൽ ഹരജിക്കാർ അറിയിച്ചത്. യോഗ്യരായവരെ ജാതിയുടെ പേരിൽ മാറ്റിനിർത്തുന്നത് ഭരണഘടനാവ്യവസ്ഥ ചെയ്യുന്ന അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. പൂജാകർമങ്ങൾ ചെയ്യാനുള്ള പരിശുദ്ധി ഇവർക്കില്ലെന്ന മട്ടിലുള്ള വിവേചനം അവസാനിപ്പിക്കണം. ചിലർ കൂടിയവരും മറ്റുള്ളവർ കുറഞ്ഞവരുമാണെന്ന നിലപാട് യുക്തിരഹിതമാണ്. എല്ലാ മതവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയിൽ ജനനത്തിന്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടത്. ഇത്തരം കീഴ്വഴക്കങ്ങൾ ക്ഷേത്രത്തിന്റെ പേരിനും പെരുമയ്ക്കും മങ്ങലേൽപ്പിക്കുമെന്നും ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ വരുന്ന 28ന് വീണ്ടും വാദം കേൾക്കും.

logo
The Fourth
www.thefourthnews.in