ചലച്ചിത്ര, പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു

ചലച്ചിത്ര, പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു

പരസ്യകലാ പ്രവർത്തനങ്ങള്‍ക്കൊപ്പം കലാസംവിധാനവും സിനിമ നിർമാണവും സിനിമയ്ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്
Updated on
1 min read

ചലച്ചിത്ര പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരസ്യകലാ പ്രവർത്തനങ്ങള്‍ക്കൊപ്പം കലാസംവിധാനവും സിനിമ നിർമാണവും സിനിമയ്ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്. നൂറോളം ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പതോളം ചിത്രങ്ങളില്‍ കലാസംവിധായകനായി.

കിത്തോ എന്ന കലാകാരന്‍

കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങള്‍ വരച്ചും ശില്പങ്ങള്‍ ഉണ്ടാക്കിയും പരിശീലിച്ച കിത്തോ, സ്കൂള്‍ പഠനകാലത്ത് തന്നെ കൊച്ചിന്‍ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്‍റിംഗിനായി ചിത്രങ്ങള്‍ വരച്ച് നല്‍കിയിരുന്നു. സ്കൂള്‍ കോളജ് പഠനകാലത്ത് തന്നെ ചിത്രരചനകളിലും ക്ലേ മോഡലിങ്ങിലും കിത്തോ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.

പ്രഫഷണല്‍ ആർട്ടിസ്റ്റാകുക എന്ന ലക്ഷ്യത്തോടെ പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ എറണാകുളത്തെ കൊച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേർന്നു. ഉപരിപഠന കാലത്ത്, എറണാകുളത്ത് ചെറുതും വലുതുമായ അനേകം പ്രസിദ്ധീകരണങ്ങളില്‍ കിത്തോ ചിത്രങ്ങള്‍ വരച്ചു. അതിനായി ഒരു ഓഫീസും ആരംഭിച്ചു.

കിത്തോ
കിത്തോ

ഈ കാലയളവിലാണ് ബാല്യകാല സുഹൃത്തായ കലൂര്‍ ഡെന്നീസ് വഴി 'ചിത്രകൗമുദി' എന്ന സിനിമമാസികയില്‍ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം നാലുവര്‍ഷക്കാലത്തെ കലാപരിചയം നേടിയെടുത്ത ശേഷം കൊച്ചിയില്‍ എം ജി റോഡില്‍ 'ഇല്ലസ്ട്രേഷന്‍ & ഗ്രാഫിക്സ്' എന്ന സ്ഥാപനമാരംഭിച്ചു.

സിനിമാ മാഗസിനുകളിലൂടെ ഇക്കാലത്ത് സിനിമാ രംഗത്ത് ധാരാളം പരിചയങ്ങളുമുണ്ടായി. 1976-ല്‍ നിർമാതാവായ എ ജെ കുര്യാക്കോസ് ആദ്യപടം നിര്‍മിക്കാന്‍ കിത്തോയുടെ സഹായം തേടി. സംവിധായകന്‍ ഐവി ശശിയുമായുള്ള കിത്തോയുടെ ബന്ധത്തില്‍ എ ജെ കുര്യാക്കോസ് നിര്‍മിച്ച 'ഈ മനോഹര തീരം' എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിന്‍റെ പരസ്യകലയും അദ്ദേഹം തന്നെ നിര്‍വഹിച്ചു.

ജേസി, ഐ വി ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെന്‍ഡ് സെറ്ററുകളായി. പരസ്യകലയ്ക്ക് പുറമെ പല മേഖലകളിലും കൈവെച്ചു. 'ആലോലം'(1982) എന്ന സിനിമയുടെ കഥാ രചന നിര്‍വഹിച്ചു. 1988ല്‍ ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത 'ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസി'ന്‍റെ നിര്‍മാതാവ് അദ്ദേഹമായിരുന്നു.

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങള്‍ക്കായി നിരവധി ഇല്ലസ്ട്രേഷനുകളും ചെയ്തു.

logo
The Fourth
www.thefourthnews.in