യുവകവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
യുവകവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘ കാലമായി ചിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം. പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം വിഭാഗം അധ്യാപകനായിരുന്നു.
തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ എന്നിവയാണ് പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് കവിതകൾ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം എന്നിവയ്ക്ക് അർഹനായി. മലയാളത്തെ പ്രതിനിധാനം ചെയ്ത് 2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിലും പങ്കെടുത്തു.