ജോലി വാഗ്ദാന തട്ടിപ്പ്: 34 ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ കുടുങ്ങി, 17 പേര്‍ മലയാളികൾ, നിസ്സഹായരായി ഇന്ത്യൻ എംബസി
ജോലി വാഗ്ദാന തട്ടിപ്പില്‍പ്പെട്ട് 34 ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ അന്താരാഷ്ട്ര റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങി. ഇതില്‍ 17 പേര്‍ മലയാളികളാണ്. ഇവരുടെ മോചനത്തിന് എംബസിക്ക് പോലും ഇടപെടാനാവാതെ വന്നതോടെ സ്വന്തം നിലയിൽ മോചനദ്രവ്യം നല്‍കി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പലരും.
ജൂണ്‍ 12ന് പ്രതിശ്രുത വരനൊപ്പമാണ് തായ്‌ലന്റിലേക്ക് 21കാരിയായ പെണ്‍കുട്ടി ജോലിക്കായി പോയത്. തായ്‌ലന്റില്‍ നിന്നും ഇവരെ നിയമവിരുദ്ധമായി മ്യാന്‍മറിലേക്ക് കൊണ്ടുപോയി. ഓണ്‍ലൈന്‍ ജോലിയെന്നാണ് പറഞ്ഞതെങ്കിലും ക്രിപ്‌റ്റോ കറന്‍സിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന നിയമ വിരുദ്ധപ്രവര്‍ത്തനമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
ജോലി സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ എംബസിയിലേക്ക് എല്ലാവര്‍ക്കും വേണ്ടി കൂട്ടത്തിലൊരാള്‍ മെയിലയച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മെയിലയച്ചയാളെ പിന്നീട് ഇവിടെ നിന്നും തടങ്കലിലേക്ക് മാറ്റി. ഇവരെ വിട്ടുനല്‍കണമെങ്കില്‍ പണം വേണമെന്നാണ് ആവശ്യപ്പെട്ടത്.
12 മണിക്കൂറിലധികം ജോലി ചെയ്യുന്നതിന് പുറമെ ജോലിയില്‍ വീഴ്ച്ച വരുത്തിയാല്‍ കടുത്ത ശിക്ഷാരീതികളാണ് ഇവര്‍ക്ക് നല്‍കുന്നത്. അതേസമയം എംബസിയുടെ ഇടപെടല്‍ വൈകിയതോടെ അകപ്പെട്ടവരെ രക്ഷിക്കാന്‍ പലരും പണം നല്‍കി. പൂര്‍ണ്ണമായും മ്യാന്‍മര്‍ സരക്കാരിന് നിയന്ത്രണമുള്ള പ്രദേശത്തല്ല അന്താരാഷ്ട്ര റാക്കറ്റിന്റെ പ്രവര്‍ത്തനം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശത്തെ സായുധസംഘം 34 ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളിലുള്ള പൗരന്‍മാരെയും ഇവിടെ തടങ്കലില്‍ വെച്ചിരിക്കുന്നതായി എംബസി സ്ഥിരീകരിച്ചു. മോചനദ്രവ്യം നല്‍കി രക്ഷപ്പെട്ട എട്ടുപേരില്‍ ആറുപേര്‍ തായ്ലന്റിലെത്തി നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമങ്ങളിലാണ്. അതേസമയം വിട്ടയച്ച രണ്ടുപേരെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തന്നെ സംഘമുപേക്ഷിച്ചു. സംഘത്തിനെതിരെ പരാതിപ്പെടരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് ഇവരെ വിട്ടത്.