ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശിയായ മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ വെടിവെപ്പിൽ ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ ദൂരെയായുള്ള ക്യാമ്പിൽ സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡും (ഡിആർജി) പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയും ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. പട്രോളിങ് സംഘം പുറത്തുപോയപ്പോൾ ഒരു സംഘം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകൾ വനത്തിലേക്ക് പോയി. മാവോയിസ്റ്റുകൾ എന്ന് സംശയിക്കുന്നവർ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) അയൽ സംസ്ഥാനമായ ബിജാപൂർ ജില്ലയിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു സിആർപിഎഫ് കോൺസ്റ്റബിളിന് പരിക്കേറ്റിരുന്നു.