താനൂരിലേത് മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം; ലൈസൻസ് ചട്ടങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
താനൂരിലേത് മനുഷ്യ നിർമിത ദുരന്തമെന്നും ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. താനൂരില്‍ ദുരന്ത മേഖല സന്ദര്‍ശിച്ച ശേഷം സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കവെയാണ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. താനൂര്‍ അപകടത്തില്‍ മരിച്ച ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂഡീഷ്യല്‍ അന്വേഷണത്തിന് പുറമെ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, താനൂരിലേത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല. ലൈസന്‍സുണ്ടെങ്കില്‍ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാന്‍ അനുവദിക്കാറില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്താണ് ബോട്ട് സര്‍വീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. താനൂരില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണം. കമ്മീഷന്റെ കാലവധി നീട്ടിക്കൊടുക്കുന്ന അവസ്ഥയുണ്ടാകരുത്. ജുഡീഷ്യല്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്ത് ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്ക് വിമാന മാര്‍ഗം എത്തിയ മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് താനൂര്‍ എംഎല്‍എ ഓഫീസില്‍ വിവിധ കക്ഷി നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.
മുഖ്യമന്ത്രി തിരുരങ്ങാടിയിലും താനൂരിലും നടത്തിയ കൂടിക്കാഴ്ചകളില്‍ മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ രാധാകൃഷ്ണന്‍, കെ രാജന്‍, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, കെ കൃഷ്ണന്‍ കുട്ടി, അഡ്വ. പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ ഡോ. കെ ടി ജലീല്‍, പി നന്ദകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ പി എ മജീദ്, അഡ്വ. എന്‍ ഷംസുദ്ദീന്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍, ഇ എന്‍ മോഹന്‍ദാസ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, ഡിജിപി കെ അനില്‍ കാന്ത്, ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യ, ജില്ലാ കളക്ടര്‍ വിആര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.