സ്വര്‍ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തി; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയില്‍

സ്വര്‍ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തി; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയില്‍

ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Updated on
1 min read

ദുബായില്‍ നിന്നും സ്വര്‍ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാൾ കരിപ്പൂർ വിമാനത്താവളത്തില്‍ പിടിയില്‍. വടകര സ്വദേശി മുഹമ്മദ് സഫുവാന്‍ (37) ആണ് ഒരു കോടി രൂപയുടെ സ്വർണവുമായി പോലീസ് പിടിയിലായത്. ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്, കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സഫുവാന്‍ ധരിച്ചിരുന്ന പാന്റിലും അടിവസ്ത്രങ്ങളിലും ഉള്‍ഭാഗത്തായി സ്വര്‍ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലായിരുന്നു. സ്വര്‍ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകം മുറിച്ച് മാറ്റിയതിന് ശേഷം ഭാരം നോക്കിയപ്പോൾ 2.205 കിലോ ഗ്രാം തൂക്കം ഉള്ളതായി കാണപ്പെട്ടു. വസ്ത്രത്തില്‍ നിന്നും ഏകദേശം 1.750 കിലോ സ്വർണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് അറിയിച്ചു. 1.7 കിലോ ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വ്യാപാര നിരക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരും.

ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. നേരത്തെ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 85ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

logo
The Fourth
www.thefourthnews.in