മധു വധക്കേസ്; കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‌റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ പ്രതികളുടെ സുഹൃത്ത് ഷിഫാന്‍ എന്നയാളാണ് പിടിയിലായത്. അഗളിയിലെ ഒരു ആദിവാസി ഒറ്റമൂലി ചികിത്സാകേന്ദ്രത്തില്‍ നിന്ന് പിടിയിലായ ഇയാളുടെ പക്കല്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും കണ്ടെടുത്തു. സാക്ഷികളെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന പണമാണോ ഇതെന്ന് പോലീസ് പരിശോധിക്കുകയാണ്.
കേസിന്റെ വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായതോടെ മൊഴിമാറ്റിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ചിലര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി അമ്മ മല്ലിയും സഹോദരി സരസുവും മണ്ണാര്‍ക്കാട് എസ് സി എസ് ടി വിചാരണക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിയെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, കേസില്‍ ഇന്ന് ആരംഭിക്കാനിരുന്ന അതിവേഗ സാക്ഷിവിസ്താരം മാറ്റിവെച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 16ന് പരിഗണിക്കാനായി മാറ്റിവെച്ചതിനെ തുടര്‍ന്നാണ് സാക്ഷിവിസ്താരവും മാറ്റിയത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചതിന് ശേഷം അതിവേഗ സാക്ഷിവിസ്താരം ആരംഭിക്കുമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കേസില്‍ 119 സാക്ഷികളാണുള്ളത്. ഇതുവരെ വിസ്തരിച്ചവരില്‍ 13 പേര്‍ കൂറുമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ഇതുവരെ രണ്ട് പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുള്ളത്.