5000 ബസുകൾ, 9 കോടി രൂപ ലക്ഷ്യം; നിരത്തിൽ ഇന്ന് കെഎസ്ആർടിസി നിറയും
കെഎസ് ആർ ടി സി ബസ്സുകൾക്ക് ഇന്ന് ഒൻപത് കോടി രൂപ ടാർഗറ്റ് നിശ്ചയിച്ച് മാനേജ്‍മെന്റ്. ടാർഗറ്റ് തികയ്ക്കാനായി 5000 ബസ്സുകൾ ഇന്ന് നിരത്തിൽ ഇറക്കാനാണ് തീരുമാനം. എല്ലാ ഡിപ്പോകളിലെയും സർവീസ് നടത്താൻ കഴിയുന്ന മുഴുവൻ ബസ്സുകളും ഇന്നിറങ്ങണമെന്ന് സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി.
സർവീസിന് ആവശ്യത്തിന് ജീവനക്കാർ ഉണ്ടെന്ന് അധികാരികൾ ഉറപ്പ് വരുത്തണം. മെഡിക്കൽ ലീവ് അല്ലാതെ യാതൊരു ലീവും അനുവദിക്കാൻ പാടില്ല. ഒരു ജീവനക്കാരന് പോലും ഡ്യൂട്ടി ഇല്ലാതിക്കരുതെന്നും സിഎംഡി ബിജു പ്രഭാകർ നിർദേശിക്കുന്നു. മുഴുവൻ ബസ്സുകളും സർവീസ് നടത്തുന്നതിനായി ആവശ്യമെങ്കിൽ ഡ്യൂട്ടി സറണ്ടർ അനുവദിക്കാമെന്നും നിർദേശമുണ്ട്. നിലവിൽ തിങ്കളാഴ്ചകളിൽ 7.5 കോടി രൂപ വരെ വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണ് 1.5 കോടി രൂപ അധികം ലഭിക്കാനായി നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ കൂടി ഓടിക്കുന്നത്.
കെഎസ്ആർടിസി മുൻപും ഇത്തരത്തിൽ ടാർഗറ്റ് നിശ്ചയിച്ച് സർവീസുകൾ നടത്തിയിട്ടുണ്ട്. പൂജ , ഓണം, ക്രിസ്മസ് എന്നിങ്ങനെ അവധി കഴിഞ്ഞു വരുന്ന ദിവസങ്ങളിൽ ഇത്തരത്തിൽ ടാർഗറ്റ് നിശ്ചയിച്ചു നൽകാറുണ്ട്. 2 കോടി രൂപ വരെ അധികം ലഭിക്കുന്ന തരത്തിൽ കൂടുതൽ ബസ്സുകൾ അന്നൊക്കെ സർവീസിന് ഇറക്കിയിരുന്നു.