വയനാട്ടില്‍ ആറ് മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടില്‍ ആറ് മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

കുട്ടിയെ വേണ്ട രീതിയിൽ പരിശോധിക്കാതെ പറഞ്ഞുവിട്ടതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
Updated on
1 min read

വയനാട്ടിൽ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ചികിത്സയിൽ വീഴ്ച വരുത്തിയ മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ജൂനിയർ റസിഡൻ്റ് ഡോ. രാഹുൽ സാജുവിനെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പിരിച്ചുവിട്ടത്. കുട്ടിയെ വേണ്ട രീതിയിൽ പരിശോധിക്കാതെ പറഞ്ഞുവിട്ടതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കടുത്ത അനീമിയയും, പോഷകാഹാരക്കുറവും അതോടൊപ്പമുണ്ടായ കഫക്കെട്ടുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മാര്‍ച്ച് 22-ന് പുലര്‍ച്ചെയാണ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുർന്ന് മരിച്ചത്. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിയെ ആവശ്യമില്ലാതെ കൊണ്ടുവന്നത് എന്തിനാണെന്ന് പറഞ്ഞ് മാതാപിതാക്കളെയടക്കം ശകാരിച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം പുറത്ത് വന്നതോടെയാണ് സംഭവത്തിൽ അടിയന്തര നടപടിയുണ്ടായത്.

കടുത്ത പനിയുമായി കൊണ്ടുവന്ന കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചെസ്റ്റ് ക്ലിയര്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതുകയും പനിയുടെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന് രാവിലെ പാല്‍ നല്‍കുന്നതിനിടയിലാണ് മരിച്ചത്. സംഭവത്തിൽ കാരാക്കാമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ആരോഗ്യ പ്രവർത്തകരോടും വിശദീകരണം തേടിയിട്ടുണ്ട്. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലും കാരാക്കാമല ഹെൽത്ത് സെന്ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയും കുട്ടിക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

വീട്ടില്‍ കുത്തിവെയ്പിനെത്തിയ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടര്‍ന്ന് ട്രൈബൽ വകുപ്പിന്റെ ആംബുലന്‍സിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാല്‍ അവിടെയും കുട്ടിക്ക് ചികിത്സ നിഷേധിച്ചു. സംഭവത്തിൽ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നൽകി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.

logo
The Fourth
www.thefourthnews.in