'മിഷന്‍ തണ്ണീര്‍' അന്തിമ ഘട്ടത്തിലേക്ക്; രണ്ട് തവണ മയക്കുവെടി വെച്ചു, വാഴത്തോട്ടത്തില്‍നിന്ന് പുറത്തെത്തിക്കാൻ ശ്രമം
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തിയ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ദൗത്യം അന്തിമ ഘട്ടത്തിലേക്ക്. രണ്ട് വട്ടം മയക്കുവെടി വെച്ചു. വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്‍റെ പിൻഭാഗത്ത് ഇടതുവശത്തായാണ് ആദ്യം മയക്കുവെടി വെച്ചത്. ഇതോടൊപ്പം ബൂസ്റ്റർ ഡോസും നൽകിയിട്ടുണ്ട്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും അനിമൽ ആംബുലൻസും സ്ഥലത്തെത്തിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നാണ് വനംവകുപ്പ് ദൗത്യ സംഘം അറിയിച്ചത്.
രാവിലെ ഒൻപത് മണിയോടെ മാന്തവാടി ടൗണിലിറങ്ങിയ കൊമ്പനെ വൈകുന്നേരം അഞ്ചരയോടെയാണ് മയക്കുവെടി വെച്ചത്.
ആന ഇപ്പോഴും വാഴത്തോട്ടത്തില്‍ തുടരുകയാണ്. വാഴത്തോട്ടത്തില്‍നിന്ന് പുറത്തെത്തിക്കാൻ മൂന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുങ്കിയാനകൾക്ക് വാഴത്തോട്ടത്തിലേക്ക് വഴിയൊരുക്കി തണ്ണീർകൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അൻപതുമീറ്ററോളം തണ്ണീർകൊമ്പനെ തള്ളി ലോറിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. വാഹനത്തിൽ കയറ്റാൻ വാഴത്തോട്ടത്തിൽനിന്ന് പുറത്തേക്ക് നൂറു മീറ്റർ ദൂരം നടത്തേണ്ടിവരും.
അതേസമയം തണ്ണീർകൊമ്പനെ എവിടെ ഇറക്കിവിടുമെന്നതിൽ തീരുമാനം നീളുകയാണ്. രാത്രിയോടെയാണ് ബന്ദിപ്പൂരിൽ തുറന്നുവിടാനുള്ള നീക്കത്തിൽ പുനരാലോചയുണ്ടായത്.
കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്.'ഓപ്പറേഷന്‍ ജംബോ' എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.
ആന ചുറ്റിക്കറങ്ങുന്ന സാഹചര്യത്തില്‍, മാനന്തവാടി ടൗണില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാനന്തവാടിക്കടുത്ത് പായോടാണ് ആദ്യം ആനയെത്തിയത്. പാല്‍ വിതരണത്തിന് എത്തിയവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീട് ഇവിടെനിന്ന് മാറിയ ആന, ടൗണിലേക്ക് നീങ്ങുകയും കോടതിവളപ്പില്‍ കയറുകയും ചെയ്തു. വാഹനങ്ങള്‍ക്ക് അടുത്തുകൂടി കടന്നുപോയെങ്കിലും അക്രമാസക്തമായിരുന്നില്ല.