'മാങ്ങ മോഷണക്കേസില്‍ ഒത്തുതീർപ്പ് വേണ്ട'; പോലീസുകാരനെതിരെ പോലീസ് റിപ്പോർട്ട്

'മാങ്ങ മോഷണക്കേസില്‍ ഒത്തുതീർപ്പ് വേണ്ട'; പോലീസുകാരനെതിരെ പോലീസ് റിപ്പോർട്ട്

പ്രതി പോലീസുകാരനാണെന്നത് ഗൗരവതരമായ വസ്തുതയാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പോലീസ്
Updated on
1 min read

കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർക്കരുതെന്ന് പോലീസ്. ഒത്തു തീർപ്പായാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയെ അറിയിച്ചു. പ്രതി പോലീസുകാരനാണെന്നത് ഗൗരവതരമായ വസ്തുതയാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കി.

ഇന്നലെയാണ് കേസ് ഒത്തുതീർപ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഴക്കട വ്യാപാരി കോടതിയെ സമീപിച്ചത്. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നുമാണ് പരാതിക്കാരന്‍ കാഞ്ഞിരപ്പള്ളി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി. ഇതേതുടർന്ന് കോടതി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കുന്നത് കാഞ്ഞിരപ്പള്ളി കോടതി നാളത്തേയ്ക്ക് മാറ്റി. അപേക്ഷയില്‍ നാളെ അന്തിമ വിധി പറയും.

ഇടുക്കി എആർ ക്യാമ്പിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി വി ഷിഹാബിനെതിരെയാണ് മാങ്ങാ മോഷണത്തിന് കേസെടുത്തത്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തെ വഴിവക്കിലുള്ള പഴക്കടയില്‍ നിന്നായിരുന്നു മോഷണം. ഷിഹാബ് സ്കൂട്ടറില്‍ മാങ്ങ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഷിഹാബിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കേസെടുത്തതോടെ ഒളിവില്‍ പോയ പോലീസുകാരനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

logo
The Fourth
www.thefourthnews.in