ട്രൈബൽ ഹോസ്റ്റലിലെ മന്നാൻ സമരം
കഴിഞ്ഞ രണ്ട് വർഷമായി ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. അറക്കാപ്പിൽ നിന്ന് സ്വന്തം ഊരുപേക്ഷിച്ച് വന്ന മന്നാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് സമരം നടത്തുന്നത്.
സുരക്ഷിതമായ സ്ഥലത്ത് സ്വന്തമായി ഭൂമി എന്നതാണ് അവർ ഉന്നയിക്കുന്ന ആവശ്യം. സമരം ശ്രദ്ധയിൽപെട്ട പട്ടികജാതി- പട്ടികവിഭാഗം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വനാവകാശ നിയമപ്രകാരം പന്തപ്രയിൽ ഭൂമി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്‌ദാനം ഇന്നും വാക്കിൽ മാത്രം ഒതുങ്ങുന്നു. "അഞ്ചും പത്തും ഏക്കർ ഭൂമി ഞങ്ങൾക്ക് വേണ്ട സുരക്ഷിതമായ രണ്ടര ഏക്കർ ഭൂമി മതി ഞങ്ങൾക്ക്," ഇതിനായി അറക്കാപ്പിലുള്ള ഭൂമി സർക്കാരിന് തിരികെ നൽകാൻ തയ്യാറാണെന്നും ഇവർ പറയുന്നു.
2021 ജൂലൈ ആദ്യ വാരമാണ് മന്നാൻ വിഭാഗത്തിൽ പെട്ട 13 കുടുംബങ്ങൾ ജനിച്ച് വളർന്ന ഭൂമി വിട്ട് ഇടമലയാറിൽ എത്തിയത്. വർഷങ്ങളായി അറക്കാപ്പ് മേഖലയിൽ താമസിച്ച് പോന്ന ഇവർ, തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഭയന്നാണ് കഴിഞ്ഞ് പോന്നിരുന്നത്. 2018ൽ ഉണ്ടായ എണ്ണമറ്റ ഉരുൾപൊട്ടലുകൾ ഈ പ്രദേശത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. കൂടാതെ ചെങ്കുത്തായ പ്രദേശത്തുകൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകളും, സമയത്ത് ചികിത്സ ലഭ്യമാക്കാൻ സാധിക്കാഞ്ഞത് മൂലം ഉണ്ടായ മരണങ്ങളുമാണ് ഇവരെ ഈ സാഹസത്തിലേക്ക് നയിച്ചത്. നാളിതുവരെയായി യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഈ പ്രദേശത്തു ലഭ്യമായിട്ടില്ലെന്നും ഈ കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വനം വകുപ്പ് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ തന്നെ ഇവിടം വാസയോഗ്യമല്ലെന്നുണ്ട്.
രണ്ട് ദിവസം നീണ്ട അതിസാഹസിക യാത്രയ്‌ക്കൊടുവിലാണ് ഈ കുടുംബങ്ങൾ ഇടമലയാർ തീരത്തുള്ള വൈശാലിപ്പാറയിൽ എത്തിയത്. പിന്നീട് ജൂലൈ ഏഴിന് അധികൃതർ ഇടപെട്ട് ഇവരെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റി. അന്ന് മുതൽ ഇന്ന് വരെ സുരക്ഷിതമായ ഭൂമിയ്ക്കായുള്ള സമരത്തിലാണ് ഇവർ. അഞ്ച് ഏക്കർ വരെയുള്ള ഭൂമിയുടെ അവകാശികളാണ് ഇവരിൽ പലരും, ജീവന് ഭീഷണിയൊള്ളൊരിടത്ത് എങ്ങനെ കഴിയുമെന്നാണ് ഇവരുടെ ചോദ്യം.
ട്രൈബൽ ഹോസ്റ്റൽ ഈ കുടുംബങ്ങളുടെ അഭയമായതോടെ ഇടമലയാർ സർക്കാർ സ്കൂളിനെ ആശ്രയിക്കുന്ന സമീപ ഊരുകളിലെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. ഊരുകളിൽ നിന്ന് ദിവസേന സ്കൂളിൽ വന്ന് പോകാൻ ഈ കുട്ടികൾ കിലോമീറ്ററുകൾ താണ്ടണം. ഇതിനൊരു ആശ്വാസമായിരുന്നു ഹോസ്റ്റൽ. രണ്ട് വർഷമായി കാട്ടുമൃഗങ്ങളുള്ള പ്രദേശത്തുകൂടി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഊരുകളിൽ നിന്ന് കുട്ടികൾ സ്കൂളിലേക്ക് എത്തുന്നത്. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നുണ്ടെങ്കിലും ഇവിടം വിട്ടിറങ്ങിയാൽ കയറിക്കിടക്കാൻ പോലും വേറെ ഇടമില്ലാതാകുമെന്ന് ഇവർക്കറിയാം
നിലവിൽ കൃഷി ചെയ്യാനും മറ്റും ഇടമില്ലാത്തതിനാൽ നിത്യച്ചെലവുകൾക്ക് പോലും ഈ കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്. വല്ലപ്പോഴും ഹോസ്റ്റൽ പരിസരങ്ങളിൽ ലഭിക്കുന്ന ജോലിയാണ് പ്രധാന വരുമാനമാർഗം. അറക്കാപ്പിൽ നിന്നും ഇറങ്ങിയതോടെ ലഭിക്കാറുള്ള ആനുകൂല്യങ്ങൾ വരെ കൃത്യമായി ഇവർക്ക് ലഭിക്കുന്നില്ലെന്നും പറയുന്നു. പണി ചെയ്ത് ജീവിക്കാൻ പറ്റണം, അത്യാഹിതം എന്തെങ്കിലും വന്നാൽ എളുപ്പം ആശുപത്രിയിൽ എത്താനാവണം, ഇനിയും മണിക്കൂറുകളോളം നടന്ന് ആവശ്യങ്ങൾ നിറവേറ്റി മടങ്ങാൻ ഇവർക്കാവില്ല, പന്തപ്രയിൽ ആണെങ്കിൽ ഇതെല്ലം പാലിക്കപ്പെടുമെന്നാണ് ഇവർ പറയുന്നത്.