എറണാകുളം-അങ്കമാലി അതിരൂപതയിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ആന്‍ഡ്രൂസ് താഴത്തിന് ചുമതല, പ്രതിഷേധം ശക്തമാക്കാൻ വിമതപക്ഷം
സഭാ തര്‍ക്കത്തില്‍ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി വത്തിക്കാൻ സ്വീകരിച്ചതിനുപിന്നാലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ മാര്‍പാപ്പ നിയമിച്ചു. ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും, വൈകിട്ട് 3.30ന് സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിലും, എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനത്തുമായിരുന്നു നിയമനം സംബന്ധിച്ച പ്രഖ്യാപനം. തൃശൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു തുടർന്നുകൊണ്ടായിരിക്കും ആന്‍ഡ്രൂസ് താഴത്ത് പുതിയ ചുമതല വഹിക്കുക. സഭാ തർക്കത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പക്ഷത്തിനൊപ്പം നിന്നുകൊണ്ടാണ് വത്തിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് വിമതപക്ഷം.
അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ സ്ഥാനപതി ഈമാസം 19ന് ബിഷപ്പ് കരിയിലിന് നോട്ടീസ് നല്‍കിയിരുന്നു. മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയായിരുന്നു നോട്ടീസ്. രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയിലേക്ക് നേരിട്ട് വിളിപ്പിച്ച് നോട്ടീസ് നല്‍കിയിട്ടും ബിഷപ്പ് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ജൂലൈ 29ന് കൊച്ചിയിലെത്തിയ നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലി, ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിഷപ്പ് കരിയിലിന്റെ രാജി സ്വീകരിച്ചത്. രാജി വത്തിക്കാനും അംഗീകരിച്ചതോടെയാണ് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് അംഗീകാരമായത്.
പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പര്‍ കാനോൻ നിയമം അനുസരിച്ചാണ് 'സേദേ പ്ലേന' അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു കൊണ്ട് പൗരസ്ത്യ തിരുസംഘം മേധാവി കര്‍ദിനാള്‍ ലിയോനാര്‍ദോ സാന്ദ്രി ഉത്തരവിറക്കിയിരിക്കുന്നത്. അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന. ഇതോടെ, അതിരൂപതയിലെ കാനോനിക സംവിധാനങ്ങളിൽ മാറ്റം വരുത്താനും പിരിച്ചുവിടാനുമുള്ള അധികാരവും അഡ്മിനിസ്ട്രേറ്റര്‍ക്ക് ലഭിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ചേർന്ന് പ്രവർത്തിക്കാമെന്നതിനാൽ, വിമത പക്ഷത്തിനെതിരായ നീക്കങ്ങൾ അതിരൂപതയിൽ ശക്തമാനുള്ള സാധ്യതയും ഏറുകയാണ്. ബിഷപ്പ് കരിയിലിന്റെ രാജിക്ക് കാരണമായ ജനാഭിമുഖ കുര്‍ബാനയോടും, അതിനെ അനുകൂലിക്കുന്ന വൈദികർക്കുമെതിരെ നടപടിയുണ്ടാകുമോ എന്ന ആശങ്കയും വിമതവൈദികര്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം, പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിമതവൈദികരും ഒരു വിഭാഗം വിശ്വാസികളും. ഏറെ വിവാദമായ ഭൂമിയിടപാട് കേസിലും, കുർബാന ഏകീകരണത്തിലും കടുത്ത പ്രതിഷേധം ഉയർത്തുകയും, വിശ്വാസികളുടെ പിന്തുണയോടെ വത്തിക്കാനിലേക്ക് കത്ത് എഴുതിയിട്ടും വിമതപക്ഷത്തിന്റെ വാക്കുകൾ സഭാ നേതൃത്വം ചെവിക്കൊണ്ടിരുന്നില്ല. അതിനു പിന്നാലെയാണ്, വിമതപക്ഷത്തെ പിന്തുണച്ചുവെന്ന പേരിൽ ബിഷപ്പ് കരിയിലിനെതിരെ നടപടി സ്വീകരിക്കുന്നത്. വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഇടയില്‍ ഭിന്നത വളര്‍ത്തിയത് ബിഷപ്പ് കരിയിലിന്റെ നിലപാടുകളാണെന്ന അഭിപ്രായമായിരുന്നു വത്തിക്കാന്‍ മുന്നോട്ടുവെച്ചത്. വിമത വൈദികരുടെ പ്രതിഷേധങ്ങള്‍ക്ക് ഒത്താശ ചെയ്തത് ബിഷപ്പ് കരിയിലാണെന്ന കര്‍ദിനാള്‍ പക്ഷത്തിന്റെ വാദമാണ് വത്തിക്കാനും അംഗീകരിച്ചത്.
അതിന്റെ ബാക്കിപത്രമായിരുന്നു ബിഷപ്പ് കരിയിലിനെതിരായ നടപടി. അതിനെതിരെ വിമതപക്ഷവും വിശ്വാസികളും രംഗത്തെത്തിയിരുന്നു. ബിഷപ്പ് കരിയിലിനൊപ്പം ഉറച്ചുനിൽക്കുമെന്നാണ് വിമതവൈദികർ ദി ഫോർത്തിനോട് പ്രതികരിച്ചത്. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായി ആലഞ്ചേരി പക്ഷത്തിന് പ്രിയങ്കരനായ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും വിമതവൈദികർ പറയുന്നു. ബിഷപ്പ് കരിയിലിനെതിരായ നടപടി പിൻവലിക്കുക, ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തുക എന്നിങ്ങനെ ആവശ്യങ്ങളാണ് വിമതപക്ഷവും അവരെ പിന്തുണയ്ക്കുന്ന വിശ്വാസ സമൂഹവും മുന്നോട്ടുവയ്ക്കുന്നത്.
1977 മാര്‍ച്ച് 14നാണ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വൈദികനാകുന്നത്. 2004 മെയ് 1ന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി. 2007 മാര്‍ച്ച് 18നാണ് അദ്ദേഹം അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്.