ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

ഉത്തരവ് വിവാഹിതയായ ഇരുപത്തൊന്നുകാരി ഗർഭച്ഛിദ്രത്തിന് അനുമതി തേടി സമർപ്പിച്ച ഹർജിയില്‍
Updated on
1 min read

ഗർഭച്ഛിദ്രം നടത്താൻ സ്ത്രീയ്ക്ക് ഭർത്താവിന്റെ അനുമതിയോ സമ്മതമോ വേണ്ടെന്ന് കേരളാ ഹൈക്കോടതി. ഗർഭാവസ്ഥയിലേയും പ്രസവസമയത്തേയും സമ്മര്‍ദവും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീയാണ്. അതിനാല്‍ തന്നെ ഗർഭാവസ്ഥയില്‍ മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവര്‍ക്ക് അവകാശമുണ്ടെന്ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പരാമർശിച്ച് കോടതി ചൂണ്ടിക്കാട്ടി. ഗർഭിണിയായ സ്ത്രീകളുടെ വിവാഹജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ഗർഭച്ഛിദ്രത്തിനുള്ള യോഗ്യതയായി കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം എന്നത് ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ പരിമിതപ്പെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പരിശോധിക്കുമ്പോള്‍ ഗർഭിണിയായ സ്ത്രീകളുടെ വിവാഹ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, അവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന മാറ്റത്തിന് തുല്യമായി പരിഗണിക്കാം. ഗർഭാവസ്ഥയുമായി മുന്നോട്ട് പോവണമോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണമെന്ന വ്യവസ്ഥയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോട്ടയത്ത് നിന്നുള്ള വിവാഹിതയായ ഇരുപത്തൊന്നുകാരി ഗർഭച്ഛിദ്രത്തിന് അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുൺ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ ആശുപത്രികളിൽ നിന്നുമോ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി കോടതിയെ സമീപിച്ചത്.

ബിരുദ വിദ്യാർത്ഥിയായിരുന്ന ഹർജിക്കാരി സപ്ലിമെന്ററി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇരുപത്തിയാറുകാരനുമായി പ്രണയത്തിലായത്. വീട്ടുകാര്‍ എതിര്‍ത്തതോടെ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം യുവാവിനെ വിവാഹം ചെയ്തു. എന്നാൽ വിവാഹ ശേഷം ഭർത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തിലും യുവാവ് സംശയം പ്രകടിപ്പിച്ചു. ഗര്‍ഭാവസ്ഥയില്‍ മാനസികമോ സാമ്പത്തികമോ ആയ പിന്തുണ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം സഹിക്കാനാവാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.

ഭർത്താവിൽ നിന്നും വീട്ടുകാരില്‍ നിന്നും നേരിട്ട ക്രൂരതകൾ ചൂണ്ടിക്കാട്ടി പെൺകുട്ടി പരാതി നൽകിയെങ്കിലും കോടതിയില്‍ പോലും പെൺകുട്ടിയോട് സംസാരിക്കാൻ ഭർത്താവ് തയ്യാറായില്ല. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചിരുന്നു. ഗർഭവുമായി മുന്നോട്ട് പോവുന്നത് പെൺകുട്ടിയുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിവാഹമോചനം നേടിയതിന്റെ ഔദ്യോഗിക രേഖകളില്ലാത്തതിനാൽ പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചില്ല. വിവാഹിതയായതിനാൽ ഉഭയസമ്മതത്തോട മാത്രമെ ഗർഭച്ഛിദ്രത്തിന് അനുമതി നല്‍കാനാകൂവെന്ന് സർക്കാർ പ്ലീഡർ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in