മേരി റോയ് V/S സ്റ്റേറ്റ് ഓഫ് കേരള; പോരാട്ട നാൾ വഴികൾ

മേരി റോയ് V/S സ്റ്റേറ്റ് ഓഫ് കേരള; പോരാട്ട നാൾ വഴികൾ

1986ലാണ് സിറിയൻ ക്രിസ്ത്യാനികളുടെ ഇടയിലെ വിവേചനം ഒഴിവാക്കിക്കൊണ്ടുള്ള ആ ചരിത്ര വിധി വരുന്നത്
Updated on
3 min read

മേരി റോയിയുടെ ഒറ്റയാൾ നിയമപോരാട്ടമാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത്. 1986ലാണ് സിറിയൻ ക്രിസ്ത്യാനികളുടെ ഇടയിലെ വിവേചനം ഒഴിവാക്കിക്കൊണ്ടുള്ള ആ ചരിത്ര വിധി വരുന്നത്. 1916ലെ തിരുവിതാംകൂർ-കൊച്ചി പിന്തുടർച്ചാവകാശ നിയമം അസാധുവാക്കി കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിർണായക വിധിപ്രസ്താവം.

പിതാവിന്റെ സ്വത്തിൽ ആൺമക്കളുടെ പങ്കിന്റെ വെറും കാൽ ഭാ​ഗമോ അയ്യായിരം രൂപയോ ഇതിൽ ഏതാണോ കുറവ് അതിന് മാത്രമേ സ്ത്രീകൾക്ക് അവകാശമുള്ളൂ എന്നതായിരുന്നു 1916ലെ തിരുവിതാംകൂർ പിന്തുടർച്ചാ നിയമവും 1921 കൊച്ചി പിന്തുടർച്ചാ നിയമത്തിലെയും വ്യവസ്ഥകൾ. ഇവ അസാധുവാക്കിയാണ് സിറിയൻ ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾക്ക് സ്വത്തിൽ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി മേരി റോയ് നേടിയെടുക്കുന്നത്. 1960കളിൽ കീഴ് കോടതികളിൽ നിന്ന് ആരംഭിച്ച നിയമപോരാട്ടം 1984ലാണ് സുപ്രീം കോടതിയിലെത്തുന്നത്.

മേരി റോയ് V/S സ്റ്റേറ്റ് ഓഫ് കേരള; പോരാട്ട നാൾ വഴികൾ
തുല്യതയ്ക്കായി സഹോദരനെതിരെ പോരടിച്ചു, ജയിച്ചപ്പോൾ സ്വത്ത് തിരിച്ചുനൽകി, നീതിയുടെ വഴിയിൽ നടന്ന മേരി റോയ്

വിൽപത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല 1951 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതായത് 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം (Indian Succession Act-1925) മാത്രമാണ് ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ആ വിധി.

മേരി റോയ് V/S സ്റ്റേറ്റ് ഓഫ് കേരള; പോരാട്ട നാൾ വഴികൾ
അവകാശപ്പോരാട്ടം മേരി റോയിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു

1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം അനുസരിച്ച് പെൺകുട്ടികൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ അവകാശമില്ലായിരുന്നു. ആൺമക്കളുടെ പങ്കിന്റെ വെറും കാൽ ഭാ​ഗമോ അയ്യായിരം രൂപയോ ഇതിൽ ഏതാണോ കുറവ് അതിന് മാത്രമേ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നുള്ളൂ. ഇതിനെ ചോദ്യം ചെയ്തായിരുന്നു മേരി പൊതുതാത്പര്യ ഹർജി നൽകിയത്. ഹൈക്കോടതി വിധി എതിരായതോടെ സുപ്രീം കോടതിയെ സമീപിക്കുയായിരുന്നു. ക്രിസ്ത്യൻ കുടുംബനാഥൻ മരിച്ചാൽ ഭാര്യയ്ക്ക് സ്വത്തിന്റെ മൂന്നിലൊന്നും മക്കൾക്ക് തുല്യമായി മൂന്നിൽ രണ്ടും നൽകണമെന്നും വിധിയിൽ പറഞ്ഞു. അതുപ്രകാരം മേരി റോയിക്കും മാതാവിനും സഹോദരനും പിതാവിന്റെ സ്വത്ത് തുല്യമായി ഭാ​ഗിക്കാൻ സുപ്രീം കോടതി വിധിച്ചു.

എന്നാൽ സുപ്രീം കോടതി വിധി കേരളത്തിലെ ക്രൈസ്തവ സഭാ ബിഷപ്പുമാരെയും സഭാ നേതാക്കളെയും വിറളിപിടിപ്പിച്ചു. മേരി റോയിയെ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമങ്ങൽ നടന്നു. ക്രൈസ്തവ സമുദായം തകരുമെന്നും സമുദായത്തിൽ നരതതുല്യമായ പ്രശ്നങ്ങളുണ്ടാകുമെന്നും കന്യാസ്ത്രീകളടക്കം സ്വത്തിൽ അവകാശം സ്ഥാപിക്കാൻ കോടതികളിൽ പോകുമെന്നും വൈദികരടക്കം പ്രചാരണം നടത്തി. വിധിയനുസരിച്ച് വർഷങ്ങളോളം നിയമപോരാട്ടം നടത്തി നേടിയെടുത്ത സ്വത്ത് കിട്ടാൻ മേരിക്ക് വീണ്ടും കോടതി കയറിയറങ്ങേണ്ടി വന്നു.

അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാക്കുന്നില്ല എന്ന് കാണിച്ച് മേരി റോയ് കോട്ടയം സബ് കോടതിയിൽ ഹർജി നൽകി

സുപ്രീം കോടതി വിധി അട്ടിമറിക്കാൻ അന്നത്തെ കരുണാകരൻ സർക്കാരും ശ്രമിച്ചിരുന്നു. സഭാ ബിഷപ്പുമാരുടെയും സഭാ നേതാക്കളുടെയും പിന്തുണയോടെ, സുപ്രീം കോടതി വിധിയിലെ മുൻകാല പ്രാബല്യം മറികടക്കാനായി 1994ൽ കേരള മന്ത്രിയഭയിൽ അന്നത്തെ നിയമമന്ത്രി ആയിരുന്ന കെ എം മാണി ഒരു ബിൽ അവതരിപ്പിച്ചു. ക്രിസ്ത്യൻ സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ ഭേ​ദ​ഗതികൾ സഭയിൽ അവതരിപ്പിച്ചു. ഭരണമുന്നണിയിലെ യുവ ക്രിസ്ത്യൻ എംഎൽഎമാരടക്കം ബില്ലിനെ എതിർത്തു. അത്യന്തം സ്ത്രീവിരുദ്ധവും വിവേചനപരവുമാണ് ബില്ലെന്ന് പൊതു അഭിപ്രായം ഉയർന്നു. ചില സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നതിനാൽ ബിൽ ​ഗവർണർക്ക് ഒപ്പിടാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും രാഷ്ട്രപതിയുടെ പരി​ഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ ബില്ലിന് രാഷ്ട്രപതിയുടെ അം​ഗീകാരം ലഭിച്ചില്ല.

തർക്കത്തിന് കാരണമായ വീട്ടിൽ നിന്ന് സഹോദരനും കുടുംബവും താമസം മാറാൻ തയ്യാറായിരുന്നില്ല. അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാക്കുന്നില്ല എന്ന് കാണിച്ച് മേരി റോയ് കോട്ടയം സബ് കോടതിയിൽ ഹർജി നൽകി. വർഷങ്ങൾ നീണ്ടപോരാട്ടത്തിനൊടുവിൽ 2010ൽ പിതൃസ്വത്തായി കോട്ടയം ന​ഗരത്തിലെ ഒമ്പത് സെന്റ് സ്ഥലം മേരിക്ക് ലഭിച്ചു. എന്നാൽ സഹോദരന് എതിരെയല്ല നീതി തേടിയാണ് കോടതിയിൽ പോയതെന്ന് വ്യക്തമാക്കി, വർഷങ്ങളോളം നിയമപോരാട്ടം നടത്തി നേടിയെടുത്ത വീട് മേരി റോയ് പിന്നീട് സഹോദരന് തന്നെ തിരിച്ചുനൽകി.

''എനിക്കുവേണ്ടി മാത്രമായിരുന്നില്ല കോടതിയിൽ പോയത്. അനീതിക്കെതിരെയായിരുന്നു പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമം സ്വതന്ത്ര ജനാധിപത്യ റിപബ്ലിക്കായ ഇന്ത്യയിൽ നിലനിൽക്കുന്നത് വിരോധാഭാസമാണ്. പെൺകുട്ടികൾ രണ്ടാംകിടക്കാരാണെന്ന ചിന്ത മാറണം. അതിന് വേണ്ടിയായിരുന്നു ആ യുദ്ധം'' - മേരി റോയ് അന്ന് പറഞ്ഞു.

മേരി റോയ് V/S സ്റ്റേറ്റ് ഓഫ് കേരള; പോരാട്ട നാൾ വഴികൾ
പറന്നകലാന്‍ അനുവദിക്കുവോളം എന്നെ സ്നേഹിച്ചതിന് ... മേരി റോയിയെക്കുറിച്ച് മകള്‍ അരുന്ധതി റോയ് പറഞ്ഞത്

നീതിക്ക് വേണ്ടിയുള്ള നിരന്തര നിയമപോരാട്ടത്തിലൂടെ മേരി റോയ് എന്ന മലയാളി വനിത നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. നിയമ ചരിത്രത്തിൽ മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴിക കല്ലായിരുന്നു ആ വിധി.

logo
The Fourth
www.thefourthnews.in