തുല്യതയ്ക്കായി സഹോദരനെതിരെ പോരടിച്ചു, ജയിച്ചപ്പോൾ സ്വത്ത് തിരിച്ചുനൽകി, നീതിയുടെ വഴിയിൽ നടന്ന മേരി റോയ്

തുല്യതയ്ക്കായി സഹോദരനെതിരെ പോരടിച്ചു, ജയിച്ചപ്പോൾ സ്വത്ത് തിരിച്ചുനൽകി, നീതിയുടെ വഴിയിൽ നടന്ന മേരി റോയ്

1916ൽ നിലവിൽ വന്ന ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ പിന്തുണയോടെയാണ് പിതാവിന്റെ വീട്ടിൽ താമസിക്കാനെത്തിയ മേരി റോയിയെ സഹോദരൻ ഇറക്കിവിടുന്നത്
Updated on
2 min read

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുപ്രധാന വിധികളിൽ ഒന്നായിരുന്നു മേരി റോയിയ്ക്ക് അനുകൂലമായുള്ള സുപ്രീം കോടതി വിധി. സിറിയൻ‍ ക്രിസ്ത്യാനി സമൂഹത്തിലെ പെൺകുട്ടികളോടുള്ള വിവേചനം ഒരു പരിധിവരെ അവസാനിച്ചത് മേരി റോയിയുടെ ഈ നിയമപോരാട്ടമായിരുന്നു. സഹോദരനുമായുള്ള വഴക്കിൽ നിന്നാണ് തുല്യതയ്ക്ക് വേണ്ടിയുള്ള മേരി റോയിയുടെ ഒറ്റയാൾ നിയമപോരാട്ടം ആരംഭിക്കുന്നത്.

ഭർത്താവുമായി വേർപിരിഞ്ഞശേഷം രണ്ട് മക്കളുമായി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിലേക്ക് മടങ്ങിയെത്തിയ മേരിയെ സഹോദരൻ ജോർജ് വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ട്രാവൻകൂർ ക്രിസ്ത്യൻ സക്സഷൻ ആക്ട് എന്ന പേരിൽ 1916ൽ നിലവിൽ വന്ന ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ പിന്തുണയോടെയാണ് പിതാവിന്റെ വീട്ടിൽ താമസിക്കാനെത്തിയ മേരി റോയിയെ സഹോദരൻ ഇറക്കിവിടുന്നത്. വീട് മേരി കൈക്കലാക്കുമെന്ന ഭയമായിരുന്നു അവരെ അവിടെ നിന്ന് ഇറക്കിവിടാൻ കാരണം.

അതോടെയാണ് ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ ചോദ്യം ചെയ്ത് മേരി കേസ് കൊടുക്കുന്നത്. കീഴ് കോടതികളിൽ നിന്ന് ആരംഭിച്ച നിയമപോരാട്ടം 1984ൽ സുപ്രീം കോടതിയിലെത്തി. 1986ൽ സുപ്രീം കോടതിയിൽ നിന്ന് മേരിക്ക് അനുകൂലമായി ചരിത്ര വിധി വന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള അവകാശം സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം നിഷേധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ആ നിയമം റദ്ദുചെയ്തു. പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അകവാശമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല 1951 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

വിൽപത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിലായിരുന്നു സുപ്രീം കോടതിയുടെ വിധി ബാധകം. മേരി റോയിക്കും മാതാവിനും സഹോദരനും പിതാവിന്റെ സ്വത്ത് തുല്യമായി ഭാ​ഗിക്കാനായിരുന്നു കോടതി വിധി. എന്നാൽ തനിക്ക് അവകാശപ്പെട്ട സ്വത്ത് കൈയിൽ കിട്ടാൻ മേരി റോയി പിന്നേയും കോടതികൾ കയറിയിറങ്ങേണ്ടി വന്നു. നീണ്ട 15 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് പിതാവിന്റെ സ്വത്തിലെ അവകാശം മേരിക്ക് ലഭിക്കുന്നത്.

തുല്യതയ്ക്കായി സഹോദരനെതിരെ പോരടിച്ചു, ജയിച്ചപ്പോൾ സ്വത്ത് തിരിച്ചുനൽകി, നീതിയുടെ വഴിയിൽ നടന്ന മേരി റോയ്
അവകാശപ്പോരാട്ടം മേരി റോയിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു

എന്നാൽ വർഷങ്ങളോളം നിയമപോരാട്ടം നടത്തി നേടിയെടുത്ത വീട് മേരി റോയി പിന്നീട് സഹോദരന് തന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല നീതി തേടിയാണ് കോടതിയിൽ പോയതെന്നും മേരി വ്യക്തമാക്കി. മാതാപിതാക്കൾക്ക് മക്കളെല്ലാം തുല്യരാണ്. പെൺകുട്ടികൾ രണ്ടാംകിടക്കാരാണെന്ന ചിന്ത മാറണം. അതിന് വേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നു ഇതെന്നും മേരി റോയി അന്ന് പറഞ്ഞു.

logo
The Fourth
www.thefourthnews.in