സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവിറക്കി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കണം. മുൻ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ പുതുക്കിയതാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കടകള്‍, തിയേറ്ററുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും മറ്റ് ചടങ്ങുകളിലും കൈ ശുചിയാക്കുന്നതിന് സാനിറ്റൈസര്‍, സോപ്പ്, വെള്ളം മുതലായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് കോവിഡ് പൊതുജനാരോഗ്യത്തിന് ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്
സംസ്ഥാനത്ത് കോവിഡ് പൊതു ജനാരോഗ്യത്തിന് ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കിയാണ് സംസ്ഥാനം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ കണക്ക് പരിശോധിച്ചാല്‍, നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം കേരളത്തിലില്ലെന്നാണ് വ്യക്തമാകുന്നത്. ജനുവരി 5 മുതല്‍ 15 വരെയുള്ള പ്രതിദിന കോവിഡ് കേസുകളൊന്നും നൂറ് കടന്നിട്ടില്ല. ജനുവരി 10ന് റിപ്പോര്‍ട്ട് ചെയ്ത 70 കേസുകളാണ് ഏറ്റവും ഉയര്‍ന്ന കണക്ക്. പത്ത് ദിവസത്തിനിടെ ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ആശങ്കയ്ക്കിടയില്ലെങ്കിലും ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.