സീറോ - മലബാർ സഭയിലെ കുർബാന തർക്കം വീണ്ടും തെരുവിലേക്ക്; ബിഷപ്പ് പുത്തൂരിന്റെ രാജി ആവശ്യപ്പെട്ട് വിമത വിഭാഗം അരമന വളയും

സീറോ - മലബാർ സഭയിലെ കുർബാന തർക്കം വീണ്ടും തെരുവിലേക്ക്; ബിഷപ്പ് പുത്തൂരിന്റെ രാജി ആവശ്യപ്പെട്ട് വിമത വിഭാഗം അരമന വളയും

ഏകീകൃത കുര്‍ബാന മാത്രമേ ചൊല്ലുവെന്ന സത്യവാങ്ങ്മൂലം നല്‍കാതെ പൗരോഹിത്യം നല്‍കില്ലന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലന്ന് സഭാ നേതൃത്വം
Updated on
2 min read

കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച് സീറോ - മലബാര്‍ സഭ. സഭയില്‍ ഒരു പിളര്‍പ്പ് ഇരുവിഭാഗവും ഏതാണ്ട് ഉറപ്പിച്ചു. സീറോ- മലബാര്‍ സഭയില്‍ നിന്നുകൊണ്ട് തങ്ങളുടെ തനിമ നിലനിര്‍ത്താന്‍ കഴിയില്ലന്ന് എറണാകുളം - അങ്കമാലി അതിരൂപത വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉറപ്പായി. ചുമതല ഏറ്റ നാള്‍ മുതല്‍ വിമത വിഭാഗത്തിനുകൂടി സ്വീകാര്യമായ സമീപനം പുലര്‍ത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍ വത്തിക്കാന്‍ ഇടപെടലോടെ ഏതാണ്ട് നിശബ്ദനായി. എറണാകുളം - അങ്കമാലി അതിരൂപത വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും അനാവശ്യമായ ഇടപെടല്‍ വേണ്ടെന്നുമുള്ള പൗരസ്ത്യ കാര്യാലയത്തിന്റെ താക്കീതിനെ തുടര്‍ന്ന് സിനഡില്‍ വിമതര്‍ക്ക് സംരക്ഷണം ഒരുക്കിയ ബിഷപ്പുമാര്‍ക്കും ഇടപെടലിന് കഴിയില്ലന്ന് ഉറപ്പായി.

ഇതോടെ കൂടുതല്‍ ശക്തനായ അഡ്മിനിസ്‌ട്രേറ്ററുടെ തിരിച്ചു വരവും, അരമനയുടെ നിയന്ത്രണം ഏറ്റെടുക്കലും വിമത വിഭാഗത്തിന് തിരിച്ചടിയായി. ഒപ്പം വിമത വിഭാഗത്തോട് ഒട്ടും മമത പുലര്‍ത്താത്ത വൈദികരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കൂരിയായും കുര്‍ബാന തര്‍ക്കത്തെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്. കൂരിയ നിലപാട് കടുപ്പിച്ചതോടെ അരമനയ്ക്കുള്ളിലേക്ക് കടക്കാന്‍ പോലും വൈദികര്‍ അടക്കമുളളവര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.

വരും ദിവസങ്ങളില്‍ നിലവിലെ വൈദികര്‍ക്കും കൂരിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കും. സത്യവാങ്മൂലം നല്‍കാത്തവരെ ചുമതലകളില്‍നിന്ന് ഒഴിവാക്കാനാണ് വത്തിക്കാന്‍ നിര്‍ദേശം.

സീറോ - മലബാർ സഭയിലെ കുർബാന തർക്കം വീണ്ടും തെരുവിലേക്ക്; ബിഷപ്പ് പുത്തൂരിന്റെ രാജി ആവശ്യപ്പെട്ട് വിമത വിഭാഗം അരമന വളയും
സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല

ഇതോടെ പള്ളികളിലും സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധി രൂപപ്പെടും. എന്നാല്‍ പുതിയ കൂരിയ ഒന്നടങ്കം അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ടേറ്റര്‍ക്ക് ഒപ്പം നില്‍ക്കുമെന്നുറപ്പാണ്. അതിനാല്‍ സ്ഥാപനങ്ങളും ഇടവകകളും ഔദ്യോഗിക വിഭാഗത്തിന്റെ കൈവശംതന്നെ തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ പിന്തുണ ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് വിമത വിഭാഗം.

ഇന്നത്തെ സമരത്തിലൂടെ ശക്തി തെളിയിച്ച്, വേണ്ടി വന്നാല്‍ സീറോ മലബാര്‍ സഭ വിട്ടുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇന്നത്തെ പ്രതിഷേധത്തിന്റെ ലക്ഷ്യം.

ഇതിനിടെ സീറോ മലബാര്‍ സഭയിലെ ചേരിതിരിവില്‍ സഭയിലെ സന്യാസസമൂഹവും ഇടപെടുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സീറോ- മലബാര്‍ സഭയിലെ ആദ്യ തദേശീയ സന്യാസ സമൂഹമായ സിഎംഐ സഭ മാര്‍ തട്ടിലിനെതിരെ രംഗത്തെത്തി. എറണാകുളത്തെ പ്രശ്‌നപരിഹാരത്തിന് മാര്‍ തട്ടില്‍ എന്തു ചെയ്തുവെന്ന് അവര്‍ ചോദിക്കുന്നു. എറണാകുളത്തെ ഏതെങ്കിലും പള്ളിയില്‍ ഒരു കുര്‍ബാന എങ്കിലും അര്‍പ്പിക്കാന്‍ തട്ടില്‍ ശ്രദ്ധിച്ചില്ലന്നും, വിശ്വാസികളെയോ വൈദികരെയോ കേള്‍ക്കാന്‍ തട്ടില്‍ തയാറായില്ലന്നും സിഎംഐ സഭ വിമര്‍ശിക്കുന്നു. കര്‍മല കുസുമം മാസികയുടെ മുഖപ്രസംഗത്തിലാണ് സിഎംഐ സഭയുടെ വിമര്‍ശനം.

ഇതിനൊപ്പം മേജര്‍ ആര്‍ച്ച്ബിഷപ്പിനെ മറികടന്ന് ഒരു ചങ്ങനാശേരി അതിരൂപത അംഗമായ വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതോടെ കല്‍ദായ വിരുദ്ധചേരി കടുത്ത നിരാശയിലാണ്.

സീറോ മലബാര്‍ സഭയില്‍ നിലവില്‍ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ തുടരുകയാണ്. എന്നാല്‍ 2025 മാര്‍ച്ചില്‍ അദ്ദേഹത്തിന് 80 വയസ് തികയുന്നതോടെ മാര്‍പാപ്പമാരെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍ സമിതിയില്‍നിന്ന് ആലഞ്ചേരി ഒഴിവാകും. ഇതോടെ പുതിയ മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ അതില്‍ ആഗോള കത്തോലിക്ക സഭയിലെ മൂന്നാമത്തെ വലിയ സഭയായ സീറോ-മലബാര്‍ സഭയ്ക്ക് പ്രതിനിധിയുണ്ടാവില്ല. ഇത് മറികടക്കാന്‍ കൂടിയാണ് മോണ്‍. കൂവക്കാട്ടിനെ വത്തിക്കാന്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ നിലവിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന് കര്‍ദിനാള്‍ പദവി ഉടനെ ഒന്നും ലഭിക്കില്ലന്ന് ഏതാണ്ട് ഉറപ്പായി.

logo
The Fourth
www.thefourthnews.in