കൂട്ടവിരമിക്കലിന്റെ മെയ്; പടിയിറങ്ങുന്നത്  പതിനായിരത്തോളം ജീവനക്കാര്‍, സര്‍ക്കാരിന് ബാധ്യത 1500 കോടി

കൂട്ടവിരമിക്കലിന്റെ മെയ്; പടിയിറങ്ങുന്നത് പതിനായിരത്തോളം ജീവനക്കാര്‍, സര്‍ക്കാരിന് ബാധ്യത 1500 കോടി

വിരമിക്കുന്ന ജീവനക്കാര്‍ക്ക് പകരം നിയമനം നടത്താത്തതിനാൽ ഉദ്യോഗാര്‍ത്ഥികൾ ആശങ്കയില്‍
Updated on
1 min read

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് ഇരട്ട പ്രഹരമായി സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 2023ല്‍ ആകെ വിരമിക്കാനുള്ള 21,537 ജീവനക്കാരിൽ പകുതിയോളം പേരാണ് മേയ് 31 ഓടെ സേവനം പൂർത്തിയാക്കുന്നത്. ഇത്രയധികം ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുമ്പോള്‍ വിരമിക്കല്‍ ആനുകൂല്യമായി സര്‍ക്കാരിന് ചെലവഴിക്കേണ്ടിവരിക 1500 കോടിയോളം രൂപ.

പ്രതിസന്ധി കണക്കിലെടുത്ത് അടുത്തമാസം പൊതുവിപണിയില്‍നിന്ന് 2000 കോടി രൂപയെങ്കിലും കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചന. 25 ലക്ഷം രൂപയ്ക്കുമേലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയും നിര്‍ബന്ധമാക്കി.

തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും വിരമിക്കല്‍ ആനൂകൂല്യമായി നല്‍കേണ്ടിവരിക. പിഎഫ്, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നവ. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാൽ, വിരമിക്കുന്ന ജീവനക്കാര്‍ക്ക് പകരം നിയമനം നടത്താൻ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതുകാരണം വിവിധ തസ്തികകളിലേക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ തൊഴില്‍ അവസരമാണ് നഷ്ടമാകുന്നത്. നിയമനം വൈകും തോറും റാങ്ക് പട്ടികയുടെ കാലാവധി കഴിയുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ആക്ഷേപമുണ്ട്. ഒന്നാം തീയതി സ്‌കൂള്‍ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ച അധ്യാപകർക്ക് പകരമായി താല്‍ക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്.

logo
The Fourth
www.thefourthnews.in