വീണയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎം മാറി; 1.72 കോടി സേവനത്തിനെങ്കില്‍ ജിഎസ്‌ടി രേഖ പുറത്തുവിടണം: മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎം മാറിയെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. സിഎംആര്‍എല്ലില്‍നിന്ന് 1.72 കോടി രൂപ വീണ വാങ്ങിയത് സേവനത്തിനെങ്കില്‍ ജിഎസ്‌ടി രേഖ പുറത്തുവിടാന്‍ സിപിഎം സെക്രട്ടേറിയറ്റ് തയാറാവുമോയെന്ന് മാത്യു കുഴല്‍നാടന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിൽ ചോദിച്ചു.
താൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ലെന്നതിനാൽ അതിന്റെ ബാക്കി കാര്യങ്ങളാണ് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാത്യു കുഴല്‍നാടന്റെ വാർത്താസമ്മേളനം. ആരോപണങ്ങള്‍ പൊതുമധ്യത്തില്‍ ഉന്നയിച്ചതിലൂടെ വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. വീണയുടെ കമ്പനിയുടെയും നടത്തിപ്പിന്റെയുമൊക്കെ മൊത്തം ഉത്തരവാദിത്വവും സിപിഎം സെക്രട്ടേറിയേറ്റ് ഏറ്റെടുത്ത നിലയ്ക്ക് ഈ ചോദ്യങ്ങളെല്ലാം വീണയോട് ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയന്റെ എക്‌സാ ലോജിക് നിലിവില്‍ വരുന്നത് 2014 -15 വര്‍ഷത്തിലാണ്. വരുമാനമൊന്നും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. 2015-16 കാലഘട്ടത്തില്‍ ആദ്യമായി കമ്പനിയില്‍ വരുമാനമെത്തിത്തുടങ്ങി. കമ്പനിയിലേക്ക് 25 ലക്ഷം രൂപ വരവുണ്ടായി. 4,48,143 രൂപ നഷ്ടം രേഖപ്പെടുത്തി.
ആ ഘട്ടത്തില്‍ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്ന് വിവാദമായിരിക്കുന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ പേരിലുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് 25 ലക്ഷം രൂപ ആ കമ്പനിക്ക് ലഭിച്ചിട്ടുള്ളതായി കാണുന്നു. അടുത്ത വര്‍ഷം വീണ്ടും 29 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു കമ്പനി. ശേഷം എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ സഹായ ധനം 25 ലക്ഷം രൂപ എന്നത് 37,36,000 രൂപയാക്കി നല്‍കി.
പിണറായി വിജയന്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷം കഴിഞ്ഞ് 2017-18 വർഷത്തിലാണ് കമ്പനി ആദ്യമായി ലാഭം രേഖപ്പെടുത്തുന്നത്. 20,38,927 രൂപ ലാഭം നേടി. അടുത്ത വര്‍ഷവും ലാഭത്തിലാണ് കമ്പനി മുന്നോട്ടുപോയത്. 44,28,184 രൂപയായിരുന്നു ലാഭം. 2019 20 ല്‍ 17 ലക്ഷം നഷ്ടമായാണ് രേഖകളില്‍ കാണിക്കുന്നത്. ആ സമയത്ത് കമ്പനിയെ പിന്തുണയ്ക്കാനായി വീണാ വിജയന്‍ 59 ലക്ഷം രൂപ സ്വന്തം കയ്യില്‍നിന്ന് മുടക്കുകയാണുണ്ടായത്. 2020-21 ല്‍ 5,38,000 രൂപ ലാഭം കിട്ടി. മൊത്തത്തില്‍ 2021-22ല്‍ കമ്പനിക്ക് ലാഭം 39,427രൂപ.
2014 മുതല്‍ വീണ നടത്തിയ കമ്പനി ഡോര്‍മന്‍ സ്റ്റാറ്റസില്‍ പ്രവര്‍ത്തനരഹിതമായാക്കിയിരിക്കുകയാണ്. കമ്പനി ഈ അഞ്ച് വര്‍ഷമായി നടത്തിയതിന്റെ പേരില്‍ 63,41,756 രൂപ നഷ്ടം വന്നതായാണ് കമ്പനി രേഖകള്‍ കാണിക്കുന്നത്. കമ്പനി നിലനിര്‍ത്തുന്നതിനായി വീണാ വിജയന്‍ ആകെ 78,47,153 രൂപ സ്വന്തം കൈയിൽനിന്ന് മുടക്കിയിട്ടുണ്ട്.
സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയ 1.72 കോടി രൂപയ്ക്ക് വീണ വിജയന്‍ നികുതിയടച്ചിട്ടില്ല. നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്തുവിടണം. ഇടപാടിന് നല്‍കേണ്ട 30 ലക്ഷത്തോളം രൂപ ഐജിഎസ്ടി വീണ വിജയന്‍ വെട്ടിച്ചു. ഒന്നുകില്‍ രാഷ്ട്രീയഫണ്ടായാണ് 1.72 കോടി രൂപ വീണ വിജയന്‍ വാങ്ങിയതെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ വാങ്ങിയ പണത്തിന് നികുതിയടച്ചിട്ടില്ലെന്ന് സമ്മതിക്കണം. ഇതുസംബന്ധിച്ച് ആദ്യഘട്ടത്തില്‍ തന്നെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് താൻ പരാതി നല്‍കിയിട്ടുണ്ട്.
2017, 18, 19 കാലഘട്ടത്തില്‍ നേരത്തെ 1.72 കോടി രൂപ അല്ലാതെ തന്നെ 42.48 ലക്ഷം കരിമണൽ കമ്പനിയില്‍നിന്ന് വാങ്ങിയിട്ടുണ്ട്. രേഖകളുണ്ട്. അതിന് നികുതിയായി എക്‌സാ ലോജിക് കമ്പനി നാല് ലക്ഷത്തി 6.48ലക്ഷം രൂപ അടച്ചതായാണ് രേഖകളില്‍ കാണുന്നത്. അതായത് 36 ലക്ഷം രൂപ കമ്പനിക്ക് മാത്രമായി ലഭിച്ചിട്ടുള്ളതായാണ് കാണുന്നത്. ഇതുകൂടാതെ 39 ലക്ഷം രൂപയോളം എക്‌സാലോജിക് കമ്പനി എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് വായ്പയായി വാങ്ങിയതായും രേഖകളിലുണ്ടെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.