'റിപ്പോര്‍ട്ട് ചെയ്താല്‍ കേസുവരും എന്ന സന്ദേശം നല്‍കുന്നു'; മാധ്യമങ്ങള്‍ക്കെതിരായ പോലീസ് നടപടിയില്‍ എല്‍ഡിഎഫിലും അതൃപ്തി

'റിപ്പോര്‍ട്ട് ചെയ്താല്‍ കേസുവരും എന്ന സന്ദേശം നല്‍കുന്നു'; മാധ്യമങ്ങള്‍ക്കെതിരായ പോലീസ് നടപടിയില്‍ എല്‍ഡിഎഫിലും അതൃപ്തി

എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് ഒരു പോലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയായിരുന്നു
Updated on
2 min read

വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധയിടങ്ങളില്‍ നടപടികളുമായി കേരള പോലീസ് മുന്നോട്ട് പോകുമ്പോള്‍ ഇടത് മുന്നണിയ്ക്കുള്ളിലും അതൃപ്തി വെളിപ്പെടുന്നു. എൽഡിഎഫ് ഘടക കക്ഷിയായ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ രംഗത്തെത്തി. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരെയുളള പോലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയായ അദ്ദേഹം രംഗത്തെത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സൈബറിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ സജീവമാകുമ്പോഴാണ് മാധ്യമ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് ആരോപിച്ച് മുന്നണിയ്ക്കുള്ളില്‍ നിന്ന് തന്നെ എതിര്‍ ശബ്ദം ഉയരുന്നത്.

റിപ്പോർട്ടർമാർക്കെതിരെ പോലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല.

എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരെയുളള പോലീസ് നടപടിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാര്‍ രംഗത്തെത്തിയത്. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ഒരു പോലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയാണെന്നായിരുന്നു ഈ നടപടി എന്നും അദ്ദേഹം ആരോപിച്ചു.

ഒരു ഗവൺമെന്റിനെ വിമർശിച്ചാൽ, അവരുടെ നടപടികളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ വകുപ്പുള്ള രാജ്യത്താണ് നമ്മൾ നിൽക്കുന്നത്. റിപ്പോർട്ടർമാർക്കെതിരെ പോലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂർ കേസിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ അടക്കംപിടിച്ചെടുത്തതും ജീവനക്കാർക്കെതിരെ കേസെടുത്തതും ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലായിരുന്നു ശ്രേയാംസ് കുമാർ സർക്കാരിനെതിരെ രംഗത്തെത്തിയത്.

എലത്തൂർ കേസിലെ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിയതിലൂടെ പോലീസിന്റെ നടപടിയെ തടസപ്പെടുത്തി എന്നാരോപിച്ചാണ് മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തത്. എന്നാല്‍ ഏപ്രിൽ നാലിൽ നടന്ന സംഭവത്തിന് മേയിലാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

'റിപ്പോര്‍ട്ട് ചെയ്താല്‍ കേസുവരും എന്ന സന്ദേശം നല്‍കുന്നു'; മാധ്യമങ്ങള്‍ക്കെതിരായ പോലീസ് നടപടിയില്‍ എല്‍ഡിഎഫിലും അതൃപ്തി
മാർക്ക് ലിസ്റ്റ് വിവാദം: ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖില, പോലീസ് നോട്ടീസിന് മറുപടി നൽകി

മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തതിന് പുറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ചില പോലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാൻ ലക്ഷ്യമിട്ടാണ് ഈ കേസിൽ തങ്ങളുടെ ജീവനക്കാർക്കെതിരെ നടപടി എടുത്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എലത്തൂർ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമം നടത്തി. ശ്രേയാംസ്കുമാര്‍ പറഞ്ഞു. സൈബർ ആക്രമണം വര്‍ധിച്ച ഒരു കാലത്തിലൂടെയാണ് മാധ്യമങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൈബർ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തകർക്കാനും വായടപ്പിക്കാനുമുള്ള ശ്രമം നടക്കുന്നു. സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടുമടക്കില്ലെന്നും മാധ്യമങ്ങൾ ചെയ്യേണ്ടത് അവർ ചെയ്യുക തന്നെ ചെയ്യുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.

സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനും പോലീസ് നടപടികളെ അപലപിച്ച് രംഗത്തെത്തി. ജനാധിപത്യത്തിന്റെ വലിയ ശക്തിയാണ് മാധ്യമങ്ങള്‍, അതിനെ മറികടക്കാൻ അധികാരം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സി ദിവാകരന്റെ വിമര്‍ശനം. ഭരണത്തെ വിമർശിക്കാനും പോരായ്മകളെ ചൂണ്ടിക്കാട്ടാനും പൊതുജനങ്ങളിലേക്ക് അവ എത്തിക്കാനും മാധ്യമങ്ങൾക്ക് അവകാശമുണ്ട്. കേസരി ബാലകൃഷ്ണ പിള്ളയുടെയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും നാടാണിത്. അവരെന്ത് ചെയ്തിട്ടാണ് അവർക്കെതിരെ നടപടികളുണ്ടാകുകയും നാടുകടത്തപ്പെടുകയും ചെയ്തതെന്ന ചരിത്രം ഓർമ്മിക്കണമെന്നും സി ദിവാകരന്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in