എം ബി രാജേഷ് മന്ത്രിസഭയിലേക്ക്; എ എന്‍ ഷംസീര്‍ സ്പീക്കറാകും
സ്പീക്കര്‍ സ്ഥാനം രാജിവച്ച് എം ബി രാജേഷ് മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. രാജേഷിന് പകരം എ എന്‍ ഷംസീര്‍ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
സജി ചെറിയാന് പിന്നാലെ എം വി ഗോവിന്ദനും മന്ത്രിസ്ഥാനത്ത് നിന്ന് മാറുന്നതോടെയാണ് പുനഃസംഘടന വേണ്ടി വന്നത്. കെ വി കുഞ്ഞമ്പു, പി നന്ദകുമാര്‍ എന്നിവരുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എം ബി രാജേഷിനാണ് നറുക്ക് വീണത്. സെപ്റ്റംബര്‍ ആറിന് രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റുമെന്ന് എം ബി രാജേഷ് പറഞ്ഞു. പാര്‍ട്ടി വാര്‍ത്താക്കുറിപ്പിന് അപ്പുറത്തേക്ക് വകുപ്പിനെ കുറിച്ചോ മറ്റോ ധാരണയില്ലെന്നും എം ബി രാജേഷ് പ്രതികരിച്ചു. ഉത്തരവാദിത്തം നന്നായി നിറവേറ്റുമെന്ന് എ എന്‍ ഷംസീറും പ്രതികരിച്ചു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയില്‍ തൃത്താല നിയമസഭാ മണ്ഡലത്തെയാണ് എം ബി രാജേഷ് പ്രതിനിധീകരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജേഷ്, സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു.
കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായ എ എന്‍ ഷംസീര്‍ തലശ്ശേരിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എന്‍ ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.