പ്രതികളുടെ വൈദ്യപരിശോധന: പുതിയ പ്രോട്ടോക്കോൾ മൂന്നു ദിവസത്തിനകം തയ്യാറാക്കുമെന്ന് ഡിജിപി

പ്രതികളുടെ വൈദ്യപരിശോധന: പുതിയ പ്രോട്ടോക്കോൾ മൂന്നു ദിവസത്തിനകം തയ്യാറാക്കുമെന്ന് ഡിജിപി

പ്രതിയെ ഡോക്ടർക്ക് മുന്നിൽ ഹാജരാക്കുമ്പോൾ പോലീസ് എത്ര അകലത്തിൽ നിൽക്കണമെന്നതുള്‍പ്പെടെ പ്രോട്ടോക്കോളില്‍ വ്യക്തമാക്കും
Updated on
1 min read

പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ പോലീസ് പാലിക്കേണ്ട പുതിയ പ്രോട്ടോക്കോൾ മൂന്നു ദിവസത്തിനകം തയാറാക്കുമെന്ന് ഡിജിപി. ഒരാഴ്‌ചയ്ക്കകം സർക്കാരിന്റെ അനുമതിയോടെ ഇത് നടപ്പാക്കാനാവുമെന്നും ഡിജിപി അനിൽ കാന്ത് ഹൈക്കോടതിയെ അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എത്രയും വേഗം പ്രോട്ടോക്കോൾ നടപ്പാക്കണമെന്ന് കോടതിയും നിർദേശിച്ചു.

പ്രതിയെ ഡോക്ടർക്ക് മുന്നിൽ ഹാജരാക്കുമ്പോൾ പോലീസ് എത്ര അകലത്തിൽ നിൽക്കണം, പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യണം, അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെന്ത് തുടങ്ങിയവ പ്രോട്ടോക്കോളിൽ വ്യക്തമാക്കും. സംസ്ഥാന വ്യവസായ സുരക്ഷാ സേനയിൽ (എസ്.ഐ.എസ്.എഫ് ) മൂവായിരം അംഗങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രികളുടെ സംരക്ഷണത്തിന് പണം നൽകിയാൽ സേവനം നൽകാനാകുമെന്നും ഡിജിപി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ഈ സേവനം ലഭ്യമാക്കുന്ന കാര്യം സർക്കാർതലത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. പ്രത്യേക പരിശീലനം ലഭിച്ച സേനയായതിനാൽ ഇവർക്ക് അക്രമങ്ങളെ നേരിടാൻ കഴിയുമെന്ന് എഡിജിപി എം ആർ അജിത്കുമാർ കോടതിയെ അറിയിച്ചു

കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസ് കൊണ്ടുവന്ന സന്ദീപിന് ചികിത്സ നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. ഡോക്ടറെ ഉള്‍പ്പെടെ അഞ്ചുപേരെ ഇയാള്‍ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. വിഷയത്തിൽ ഇന്നലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസിന്റെ കയ്യില്‍ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പോലീസിനില്ലേ? എന്നടക്കമുളള വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധനാ സമയത്ത് പോലീസ് സാന്നിധ്യം പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കണ്ട എന്നല്ല ഇതിനര്‍ത്ഥമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളെ മജിസ്‌ട്രേറ്റുമാര്‍ക്ക് മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുമ്പോഴും വേണം. ആവശ്യമെങ്കില്‍ അതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in