കെടിയുവിലും ആർത്തവ അവധി; സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകള്‍ക്കും ബാധകം
സാങ്കേതിക സർവകലാശാലയിലും ആർത്തവ അവധി നല്‍കാന്‍ തീരുമാനം. കെടിയു ബോർഡ് ഓഫ് ഗവേണന്‍സ് യോഗ തീരുമാനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകള്‍ക്കും ആര്‍ത്തവ അവധി ബാധകമാകും. അടുത്ത സിൻഡിക്കേറ്റ് യോഗത്തിന് ശേഷമെ അവധിയുടെ ശതമാന കണക്കിലുള്‍പ്പെടെ വ്യക്തതയുണ്ടാകൂ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് സംസ്ഥാനത്ത് ആദ്യമായി ആർത്തവ അനൂകൂല്യം നടപ്പാക്കിയത്. ഏറെ പ്രശംസ നേടിയതോടെ കുസാറ്റ് മാതൃക ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലും നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ, ആർത്തവ അവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതിയാണ് കുസാറ്റ് കൊണ്ടുവന്നത്. ഇത് മറ്റു സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് വലിയ ആശ്വാസമാകും.
എല്ലാ ആര്‍ത്തവചക്രത്തിലും രണ്ട് ദിവസം വീതം അവധിയോടൊപ്പം വര്‍ഷത്തില്‍ 24 ദിവസത്തെ അവധി വേണമെന്നായിരുന്നു കുസാറ്റിലെ വിദ്യാര്‍ഥിനികളുടെ ആവശ്യം. എന്നാല്‍ അവധി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസമായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി ഹാജര്‍ കുറവിന് മൊത്തം ഹാജര്‍ ദിവസങ്ങളുടെ രണ്ട് ശതമാനം ആര്‍ത്തവ ആനുകൂല്യമായി നല്‍കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.