മേപ്പാടി കോളേജ് സംഘര്‍ഷം; ലഹരി സംഘത്തിന്റെ രാഷ്ട്രീയ ബന്ധം ചൊല്ലി ഭരണ പ്രതിപക്ഷ വാക്കേറ്റം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
മേപ്പാടി കോളേജിലെ സംഘര്‍ഷം നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിലേക്ക് വഴിവെച്ചു. സംസ്ഥാനത്ത് ലഹരി ഉപയോഗം മൂലം വര്‍ധിക്കുന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസിന്മേലുള്ള ചര്‍ച്ച ലഹരി സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച ആരോപണങ്ങളിലേക്ക് വഴി മാറുകയായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായത് പരാമര്‍ശിച്ച് പ്രമേയ അവതാരകന്‍ മാത്യു കുഴല്‍ നാടന്‍ സഭയില്‍ പറഞ്ഞതാണ് ബഹളത്തിലേക്ക് നയിച്ചത്. കേസുകളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ പ്രതിയാകുന്നു എന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.
രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് വിഷയാവതരണമെന്ന് കുറ്റപ്പെടുത്തി എക്‌സൈസ് മന്ത്രി എം ബി രാജേഷ് അദ്ദേഹത്തിന് മറുപടി നല്‍കി. വയനാട് മേപ്പാടി പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ ആക്രമിച്ച ലഹരി സംഘത്തിന്റെ രാഷ്ട്രീയ ബന്ധം സൂചിപ്പിച്ച് മന്ത്രിയും ആരോപണം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്‌പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അപര്‍ണയെ ആക്രമിച്ചത് യുഡിഎസ്എഫ് പിന്തുണയുള്ള ലഹരി സംഘമെന്ന് ഭരണപക്ഷം അരോപിച്ചു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്‌തെന്നും മേപ്പാടി പോളിടെക്‌നിക്കില്‍ കെഎസ്‍യു യൂണിയന്‍ പിടിച്ച ശേഷം ആണ് സംഘര്‍ഷം ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരി തന്നെ വിഷ്ണുവിനെതിരെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതാണ് ബഹളത്തിലേക്ക് നീങ്ങാന്‍ കാരണം.
ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭയില്‍ വാക്കേറ്റമായി. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നല്‍കരുതെന്നും ഒരുമിച്ചുള്ള പോരാട്ടമാണ് ആവശ്യമെന്നും അഭ്യര്‍ത്ഥിച്ച് സ്പീക്കര്‍ സഭ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വാക്‌പോര് മുറുകി. ഇരുപക്ഷവും ബഹളമവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ലഹരിക്കെതിരായ സര്‍ക്കാറിന്റെ പോരാട്ടങ്ങള്‍ക്ക് സഭയ്ക്കകത്തും പുറത്തും പിന്തുണ തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.