KERALA
വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം
രാജന്റെ മൂന്ന് പവൻ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പോലീസ്
കോഴിക്കോട് വടകരയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റ് റോഡിൽ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി 62 കാരനായ രാജന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി വീട്ടിൽ എത്താൻ വൈകിയതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിന് ഇടയിലുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാജന്റെ കഴുത്തിലും മുഖത്തും വിരലുകളിലും പരുക്കേറ്റ പാടുകൾ ഉണ്ട്. കൂടാതെ, കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവൻ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.