പെയ്തിട്ടും പെയ്തിട്ടും സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവ്; കാലവര്‍ഷം അവസാനപാദത്തില്‍

പെയ്തിട്ടും പെയ്തിട്ടും സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവ്; കാലവര്‍ഷം അവസാനപാദത്തില്‍

എല്ലാ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് കണക്കുകള്‍
Updated on
3 min read

മേഘ വിസ്‌ഫോടന ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവില്‍ കുറവെന്ന് പഠനം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാന പാദത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം ആരംഭിച്ച് 93 ദിവസം പിന്നിടുമ്പോഴാണ് ഈ സ്ഥിതി.

കൂടുതല്‍ ഓഗസ്റ്റില്‍, കുറവ് ജൂണില്‍

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഓഗസ്റ്റ് മാസത്തിലാണ് (551.7മില്ലിമീറ്റര്‍). 24 ശതമാനം അധിക മഴയാണ് ഓഗസ്റ്റില്‍ സംസ്ഥാനത്ത് പെയ്തത്. 2018ലും 2019ലും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും ഓഗസ്റ്റില്‍ ആയിരുന്നു.

കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ജൂണ്‍ മാസത്തിലാണ്. ജൂണില്‍ 648.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ലഭിച്ചത് 308.6 മില്ലിമീറ്റര്‍ മാത്രമാണ്. 55 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കണക്കുകള്‍
കണക്കുകള്‍

ജില്ലകളിലെ മഴ ഇങ്ങനെ

ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ശരാശരി 1746.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവന്‍ എരിക്കുളം ദ ഫോര്‍ത്തിനോട് പറഞ്ഞു. എന്നാല്‍ ഇതുവരെ പെയ്തത് 1512.8 മില്ലിമീറ്റര്‍ മാത്രമാണ്.

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കുറവാണ് ഇതുവരെ ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ കാസര്‍ഗോഡ് ജില്ലയിലാണ് (2532.2 മില്ലിമീറ്റര്‍) പെയ്തത്. സാധാരണ ലഭിക്കേണ്ട (2576 മില്ലിമീറ്റര്‍) മഴയേക്കാള്‍ 2 ശതമാനത്തിന്റെ കുറവ് മാത്രമാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ട് പിന്നില്‍ വയനാട് ജില്ലയാണ് (2027.9 മില്ലിമീറ്റര്‍). സാധാരണ ലഭിക്കേണ്ട (2200.9 മില്ലിമീറ്റര്‍) മഴയേക്കാള്‍ ഒന്‍പതു ശതമാനത്തിന്റ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകള്‍
കണക്കുകള്‍

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല ആലപ്പുഴയാണ്. 1032.9 മില്ലി മീറ്റര്‍ മഴ ലഭിച്ച ആലപ്പുഴയില്‍ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് പിന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 520 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ പെയ്തത്. സാധാരണ ലഭിക്കുന്ന അളവിനെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്. കൊല്ലത്ത് ഇതുവരെ 892 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴയുടെ തോത് കുറയുന്നതുമായിരുന്നു പതിവ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മഴ ലഭ്യതയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പോലും അസാധ്യമാക്കുന്നുവെന്ന് രാജീവന്‍ എരിക്കുളം പറയുന്നു.

2018ലും 2019ലും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു. എന്നാല്‍ 2020ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് സെപ്റ്റംബറിലാണ്. അന്ന് റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് കിട്ടിയത്. 2021ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ്. ഓരോ വര്‍ഷവും വ്യത്യസ്ത മാസങ്ങളിലാണ് മഴയുടെ അളവ് വര്‍ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാകുന്നു.

പെയ്തിട്ടും പെയ്തിട്ടും സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവ്; കാലവര്‍ഷം അവസാനപാദത്തില്‍
കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം ചക്രവാതചുഴി; വരും ദിവസങ്ങളിലും മഴ തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2021ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മണ്‍സൂണ്‍ 16 ശതമാനം കുറവായിരുന്നു. പക്ഷേ, ആ വര്‍ഷം സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ അധിക മഴ ലഭിച്ചത് മണ്‍സൂണ്‍ മഴയിലുണ്ടായ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലയില്‍ കാലവര്‍ഷം സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ മണ്‍സൂണ്‍ മേഘത്തിന്റെ സ്വഭാവത്തിലും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പൊതുവേ മണ്‍സൂണ്‍ കാലത്ത് ഇടിയോട് കൂടിയ മഴ ലഭിക്കാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിയും അനുഭവപ്പെട്ടിരുന്നു. ഇത് മണ്‍സൂണ്‍ മേഘങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങളെയാണ് അടിവരയിടുന്നത്. ഇത്തരത്തിലുള്ള മഴ ഇനിയും പ്രതീക്ഷിക്കാമെന്ന് കുസാറ്റ് സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഴ തുടരും

തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരവും രാത്രിയുമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ തുടങ്ങി ഏഴ് ജില്ലകളിലാണ് ഇന്ന് (01-09-2022) ഓറഞ്ച് അലര്‍ട്ട് ഉള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്റെ ഏഴ് സംഘങ്ങള്‍ സംസ്ഥാനത്ത് സജ്ജമാണ്.

logo
The Fourth
www.thefourthnews.in