മിൽമ എന്ന നന്മ! പാല്‍ പിരിഞ്ഞെന്ന് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീലിനെ തേടി പിരിയാത്ത പാലെത്തി
കടയില്‍ നിന്ന് വാങ്ങിയ മില്‍മ പാല്‍ പിരിഞ്ഞെന്ന് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീലിന് പുതിയ പാക്കറ്റ് നല്‍കി മില്‍മ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷുക്കൂർ വക്കീല്‍ തന്നെയാണ് സംഭവം വിവരിച്ചത്. പാല്‍ പിരിഞ്ഞതായി മില്‍മയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടർന്ന് കമ്പനി പുതിയ പാക്കറ്റ് പാല്‍ എത്തിച്ചു നല്‍കുകയായിരുന്നെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ നിരന്തരം പഴികേൾക്കുന്ന കാലത്ത്, അവര്‍ ചെയ്യുന്ന ചെറിയ നന്മകള്‍ പോലും ഉയര്‍ത്തിക്കാട്ടണമെന്ന് ഷുക്കൂർ വക്കീല്‍ ദ ഫോർത്തിനോട് പ്രതികരിച്ചു.
ഈ മാസം അഞ്ചാം തീയതിയാണ് കാഞ്ഞങ്ങാട്ടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മൂന്ന് പാക്കറ്റ് മില്‍മ പാല്‍ വാങ്ങിയതെന്ന് ഷുക്കൂർ വക്കീല്‍ പറഞ്ഞു. പായ്ക്കറ്റിലെ എക്‌സ്പയറി ഡേറ്റ് ഏഴാം തീയതിയായിരുന്നു. പിറ്റേ ദിവസം തന്നെ അതില്‍ നിന്ന് ഒരു പാക്കറ്റ് എടുത്ത് ഉപയോഗിച്ചു, പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആറാം തീയതി വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് ചായ ഉണ്ടാക്കാനായി ബാക്കിയുണ്ടായിരുന്ന പാക്കറ്റുകളിലൊന്ന് എടുത്ത് പാല്‍ ചൂടാക്കിയപ്പോഴേക്കും പിരിഞ്ഞു. വേറെ എന്തെങ്കിലും കാരണങ്ങളാലാകും എന്ന് കരുതി അടുത്ത പാക്കറ്റും എടുത്തു നോക്കി. പക്ഷേ അതിലെ പാലും പിരിഞ്ഞുവെന്ന് വക്കീല്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് പാക്കറ്റിലുണ്ടായിരുന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചത്.
കണ്‍സ്യൂമറോട് നീതി കാണിച്ചതിലുള്ള സന്തോഷമാണ് പങ്കുവച്ചത്
ഷുക്കൂർ വക്കീല്‍
സമയം വൈകീട്ട് 6.20 ആയതിനാല്‍ ഓഫീസ് സമയം കഴിഞ്ഞെന്നും അടുത്ത ദിവസം വിളിക്കാണമെന്നുമാണ് നിർദേശം ലഭിച്ചത്. പിറ്റേന്ന് രാവിലെ അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും ഷുക്കൂർ വക്കീല്‍ പറയുന്നു. ''പരാതി എന്താണെന്ന് അവർ വ്യക്തമായി ചോദിച്ചറിഞ്ഞു. പിന്നീട് എട്ടാം തീയതി വിളിക്കുകയും പാല്‍ എത്തിച്ചു തരാമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഞാൻ നാട്ടിലില്ലാത്തതിനാല്‍ തിങ്കളാഴ്ച മതിയെന്നാണ് മറുപടി പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെ അവര്‍ വിളിക്കുകയും വൈകുന്നേരത്തോടെ രണ്ട് പാക്കറ്റ് പാല്‍ എത്തിച്ച് നല്‍കുകയും ചെയ്തു.'' അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് നേരിട്ടതില്‍ മിൽമ ജീവനക്കാർ ക്ഷമ ചോദിച്ചെന്നും ഉപഭോക്താവിനോട് നീതി കാണിച്ചതിലുള്ള സന്തോഷമാണ് ഫോസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതെന്നും ഷുക്കൂർ വക്കീല്‍ പറഞ്ഞു.
ഷുക്കൂർ വക്കീല്‍ മില്‍മയെ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്ന് മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ സനീഷ് ദ ഫോർത്തിനോട് പ്രതികരിച്ചു. രണ്ട് വര്‍ഷത്തോളമായി ഈ ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിളിക്കുന്നവരുടെ വലിപ്പ ചെറുപ്പം നോക്കിയിട്ടല്ല പ്രവർത്തനമെന്നും ഉപയോക്താവിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ് നയമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നേരത്തേ തന്നെ പിന്തുടര്‍ന്നു വരുന്ന കാര്യമാണെന്നും പുതുമയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളുടെ സ്വഭാവമനുസരിച്ചാണ് സ്ഥാപനത്തിന്റെ പ്രതികരണമെന്നും കാലാവധി കഴിഞ്ഞ ഉത്പന്നവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറയുന്നു. മില്‍മയെ സ്വന്തം സ്ഥാപനമായി എല്ലാവരും കാണുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.