'റിച്ചായവര്‍ വാങ്ങിയാല്‍ മതി': പാലിന് വിലകൂട്ടി മില്‍മ; അറിഞ്ഞില്ലെന്ന് മന്ത്രി

'റിച്ചായവര്‍ വാങ്ങിയാല്‍ മതി': പാലിന് വിലകൂട്ടി മില്‍മ; അറിഞ്ഞില്ലെന്ന് മന്ത്രി

മില്‍മയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി
Updated on
1 min read

സംസ്ഥാനത്ത് പാല്‍ വില വീണ്ടും കൂട്ടി മില്‍മ. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന് 30 രൂപയും, 24 രൂപയായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും പുതിയ വില. നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ രണ്ട് പാക്കറ്റുകള്‍ക്കും ആവശ്യക്കാര്‍ കുറവായതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് പുതിയ വര്‍ധന വലിയ ബുദ്ധിമുട്ടാകില്ലെന്നാണ് വിലയിരുത്തല്‍. മില്‍മ ആകെ വില്‍പ്പന നടത്തുന്ന പാലില്‍ അഞ്ച് ശതമാനം മാത്രമാണ് ഈ രണ്ട് പാക്കറ്റുകളിലേതായി ചെലവഴിക്കപ്പെടുന്നത്.

അടുത്തിടെയാണ് മില്‍മയുടെ നീല പാക്കറ്റിലുള്ള പാലിന് വിലകൂട്ടിയത്. ഇതിനു പിന്നാലെയാണ് പച്ച, മഞ്ഞ പാക്കറ്റുകളിലെത്തുന്ന റിച്ച് മില്‍ക്കിനും വില കൂട്ടുന്നത്.

എന്നാല്‍ പുതിയ പാല്‍വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. വില കൂട്ടിയ വിവരം മില്‍മ അറിയിച്ചിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിവരം അറിയിക്കാത്തതില്‍ മില്‍മയോട് റിപ്പോര്‍ട്ട് തേടുമെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷീര കര്‍ഷകരെ സഹായിക്കാനാണ് വില വര്‍ധനയെന്നാണ് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വിശദീകരിക്കുന്നത്. ''പാല്‍ ഉത്പാദനം കുറഞ്ഞത് മില്‍മയ്ക്കും കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയാണ് . ക്ഷീരകര്‍ഷകരെ സഹായിക്കാനായി മില്‍മയുടെ വിറ്റുവരവിന്റെ വലിയൊരു പങ്കും അധിക വിലയായും കാലിത്തീറ്റ സബ്‌സിഡിയായും കര്‍ഷകര്‍ക്ക് തന്നെ നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ മറ്റ് പാലുകള്‍ക്ക് 6 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഈ രണ്ട് ഇനം പാലുകള്‍ക്ക് 4 രൂപ മാത്രമാണ് വര്‍ധിപ്പിച്ചിരുന്നത്. വില ഏകീകരണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചത്'' - കെ എസ് മണി വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് വില കൂട്ടാന്‍ തീരുമാനമെടുത്തതെന്നും കെഎസ് മണി പറഞ്ഞു.

logo
The Fourth
www.thefourthnews.in